Flash News

തമിഴ്‌നാട് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍



ന്യൂഡല്‍ഹി: തമിഴ്‌നാട് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. തമിഴ്‌നാട് ഗവര്‍ണറായി ബന്‍വാരി ലാല്‍ പുരോഹിത്, അരുണാചല്‍പ്രദേശ് ഗവര്‍ണറായി ബ്രിഗേഡിയര്‍ ബി ഡി മിശ്ര, ബിഹാര്‍ ഗവര്‍ണറായി സത്യപാല്‍ മല്ലിക്, അസം ഗവര്‍ണറായി ജഗദീഷ് മുഖി, മേഘാലയ ഗവര്‍ണറായി ഗംഗാപ്രസാദ് എന്നിവരെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചത്. അഡ്മിറല്‍ ഡി കെ ജോഷിയെ ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളുടെ ലഫ്റ്റനന്റ് ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ നിന്നു ബിജെപിയിലെത്തിയ വ്യക്തിയാണ് ബന്‍വാരി ലാല്‍ പുരോഹിത്. 2016 ആഗസ്ത് 17ന് അസം ഗവര്‍ണറായി നിയമിക്കപ്പെട്ടു. 1978ല്‍ നാഗ്പൂരില്‍ നിന്നു മല്‍സരിച്ചു ജയിച്ച് മഹാരാഷ്ട്ര നിയമസഭയിലെത്തി. 1980ല്‍ നാഗ്പൂര്‍ വെസ്റ്റില്‍ നിന്നു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1982ല്‍ സംസ്ഥാന മന്ത്രിയായി. 1984, 1989, 1996 വര്‍ഷങ്ങളില്‍ നാഗ്പൂരില്‍ നിന്നു ലോക്‌സഭാംഗമായി. പ്രതിരോധ വിഷയങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതിയില്‍ അംഗമായിരുന്നു.  ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച ദി ഹിന്ദുത്വ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ പ്രചാരണം മധ്യേന്ത്യയില്‍ വ്യാപകമാക്കിയ പുരോഹിത് മറ്റു സംസ്ഥാനങ്ങളിലേക്കും എഡിഷന്‍ വ്യാപിപ്പിച്ചു. 1994ല്‍ ആണ് ഗംഗാപ്രസാദ് ആദ്യമായി ബിഹാര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 18 വര്‍ഷക്കാലം എംഎല്‍സിയായിരുന്നു. 1975ലാണ് ജഗദീഷ് മുഖി സജീവ രാഷ്ട്രീയത്തിലെത്തുന്നത്. 1980 മുതല്‍ ഏഴു തവണ ജനക്പുരി മണ്ഡലത്തില്‍ നിന്നു മല്‍സരിച്ചു വിജയിച്ചിട്ടുണ്ട്. മുമ്പ് ഡല്‍ഹി സര്‍ക്കാരില്‍ ധനകാര്യ-ആസൂത്രണ-നികുതി മന്ത്രിയായിരുന്നു. ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളുടെ ലഫ്. ഗവര്‍ണറായി സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു. 34 വര്‍ഷത്തെ സൈനിക സേവനത്തിനു ശേഷം 1995ല്‍ കരസേനയില്‍ നിന്നു വിരമിച്ചതാണ് ബ്രിഗേഡിയര്‍ ബി ഡി മിശ്ര. 1993ല്‍ 124 യാത്രക്കാര്‍ ഉള്‍പ്പെടെ അമൃത്‌സറില്‍ റാഞ്ചിയ വിമാനം മോചിപ്പിച്ചെടുത്ത എന്‍എസ്ജി കമാന്‍ഡോകളുടെ കമാന്‍ഡറായിരുന്നു ബി ഡി മിശ്ര. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിലും 1971ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. 1990ല്‍  കേന്ദ്ര സഹമന്ത്രിയായിരുന്നു സത്യപാല്‍ മല്ലിക്. 1980 മുതല്‍ 1989 വരെ രണ്ടു തവണ രാജ്യസഭാ എംപിയായി. 1989ല്‍ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മുമ്പ് ഉത്തര്‍പ്രദേശ് നിയമസഭാംഗവുമായിരുന്നു. ദേവേന്ദ്ര കുമാര്‍ എന്ന ഡി കെ ജോഷി 2012 മുതല്‍ 2014 വരെ നാവികസേനാ മേധാവിയായിരുന്നു. നേവല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠനശേഷം 1974ലാണ് നാവികസേനയില്‍ ചേര്‍ന്നത്.
Next Story

RELATED STORIES

Share it