Kottayam Local

തപാല്‍ വകുപ്പ് പൂര്‍ണമായും ഓണ്‍ലൈനിലേക്ക്



ഈരാറ്റുപേട്ട: തപാല്‍ വകുപ്പിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറുന്നു. എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന കോര്‍ ഇന്റഗ്രേറ്റഡ് സിസ്റ്റ(സിഎസ്‌ഐ)ത്തിലൂടെയാണ് തപാല്‍ വകുപ്പ് മുഖച്ഛായ മാറ്റുന്നത്. നിലവില്‍ പ്രധാന ശാഖകളിലെല്ലാം കംപ്യൂട്ടറുണ്ടെങ്കിലും പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനിലേക്കു മാറ്റാനായിട്ടില്ല. കോര്‍ ഇന്റഗ്രേറ്റഡ് സിസ്റ്റം വരുന്നതോടെ എല്ലാം ഓണ്‍ലൈന്‍ രീതിയിലേക്കു മാറും. അടുത്ത മാര്‍ച്ച് അവസാനത്തോടെ സിഎസ്‌ഐ നടപ്പാക്കുകയാണു ലക്ഷ്യം. തപാല്‍ ഓഫിസുകളിലെ പ്രവര്‍ത്തനങ്ങളെല്ലാം പ്രത്യേക ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഏകോപിപ്പിക്കും. ഓരോ ദിവസത്തെയും തപാല്‍ അക്കൗണ്ട് ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവ സംവിധാനത്തിനു പ്രത്യേക രീതിയില്‍ സൂക്ഷിക്കാനാവും. തപാല്‍ ജീവനക്കാര്‍ക്കു പ്രത്യേക ഐഡി നമ്പര്‍ നല്‍കും. ഇത് ഉപയോഗിച്ചാണു സിസ്റ്റത്തിലേക്കു പ്രവേശിക്കേണ്ടത്. ഓരോ ദിവസവും ജീവനക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്താന്‍ ഇതുവഴി കഴിയും. മാത്രമല്ല, ചെയ്ത കാര്യങ്ങളെല്ലാം സിസ്റ്റം കൃത്യമായി ഓര്‍ത്തുവയ്ക്കുകയും ഓട്ടോമാറ്റിക് രീതിയില്‍ അപ്‌ഡേറ്റാവുകയും ചെയ്യും. ഒരു മാസത്തെ തപാല്‍ അക്കൗണ്ട് ഇടപാടുകളുടെ പൂര്‍ണ വിവരം ആവശ്യമെങ്കില്‍ വളരെ വേഗത്തില്‍ സംവിധാനം വഴി ലഭിക്കും. നിലവില്‍ ഓരോ ദിവസത്തെയും കണക്കുകള്‍ കംപ്യൂട്ടറില്‍ ചേര്‍ത്തു നല്‍കിയാണ് ജീവനക്കാര്‍ വിവരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിക്കുന്നത്. സംവിധാനം നിലവല്‍ വരുന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ എളുപ്പത്തിലാവും. കൂടാതെ ജീവനക്കാരുടെ ജോലി സംബന്ധമായ വിവരങ്ങള്‍, ചികില്‍സാ അവധി, ശമ്പളം തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്യുന്നത് ഇതുവഴിയാവും. ഇതു നടപ്പാക്കുന്നതിനായി മുഴുവന്‍ ശാഖകളിലും ആവശ്യത്തിനു കംപ്യൂട്ടറുകളും നെറ്റ് കണക്ഷനും ലഭ്യമാക്കും. ഒരു വര്‍ഷം മുമ്പ് മൈസൂര്‍, പുനൈ തുടങ്ങിയ സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം നടപ്പാക്കിയിരുന്നു. ഇതു വിജയകരമായതോടെയാണു സംസ്ഥാനത്തു പദ്ധതി നടപ്പാക്കുന്നത്.
Next Story

RELATED STORIES

Share it