Flash News

തടവില്‍ കഴിഞ്ഞത് പതിനാറ് വര്‍ഷം ; അഹമ്മദ് വാനിക്ക് നഷ്ടപരിഹാരം നല്‍കണം: കോടതി



ന്യൂഡല്‍ഹി: 16 വര്‍ഷത്തെ തടവിനു ശേഷം കുറ്റവിമുക്തനാക്കപ്പെട്ട അലിഗഡ് സര്‍വകലാശാലാ ഗവേഷക വിദ്യാര്‍ഥി ഗുല്‍സാര്‍ അഹ്മദ് വാനിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. സബര്‍മതി എക്‌സ്പ്രസ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് അഹ്മദ് വാനിയെ വിചാരണക്കിരയാക്കിയത്. വാനിയുടെ വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കി തടവ് കാലയളവില്‍ എത്ര സമ്പാദിക്കാന്‍ സാധിക്കുമായിരുന്നോ അത്രയും തുക നല്‍കാനാണ് നിര്‍ദേശം. വാനിയുടെ തടവിനു കാരണം അന്വേഷണത്തിലെ അശ്രദ്ധയാണെന്നും കോടതി കുറ്റപ്പെടുത്തി. 2001ല്‍ വാനിയെ അറസ്റ്റ് ചെയ്യുമ്പോള്‍ അലിഗഡ് സര്‍വകലാശാലയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ഗവേഷണം പൂര്‍ത്തീകരിച്ചിരുന്നു. വാനിയെ വിചാരണ ചെയ്യാനുള്ള അനുമതി പോലിസുകാര്‍ നേടിയിരുന്നില്ല. കൂടാതെ, ഇദ്ദേഹത്തിന് മാനസിക, ശാരീരിക പീഡനമേറ്റതായും കോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. സബര്‍മതി എക്‌സ്പ്രസ് സ്‌ഫോടനം ആസൂത്രണം ചെയ്‌തെന്നാരോപിച്ചായിരുന്നു വാനിയെയും മുഹമ്മദ് അബ്ദുല്‍ മൂബീനെയും പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ആരോപണം സംബന്ധിച്ച യാതൊരു തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല. ആദിത്യനാഥ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ വാനിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it