thrissur local

തടയണ നിര്‍മാണം ആരംഭിച്ചില്ല; വെള്ളം ലഭിക്കാതെ കര്‍ഷകര്‍

പാവറട്ടി: തടയണകളുടെ നിര്‍മാണം സമയബന്ധിതമായി ആരംഭിക്കാത്തതുമൂലം ജില്ലയില്‍ കൃഷിക്ക് വെള്ളം ലഭിക്കാത്ത അവസ്ഥയിലായി. ഇത്തവണ കര്‍ഷകര്‍ ഒന്നരമാസം മുമ്പ് കൃഷിയിറക്കിയിരുന്നു. എന്നാല്‍ നെല്ല് എഴുപത് ദിവസത്തോളം വളര്‍ച്ചയെത്തുമ്പോഴും തടയണകള്‍ നിര്‍മിക്കാനുള്ള നടപടികള്‍ ഇറിഗേഷന്‍ അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. ഏനാമാവ് ബണ്ടില്‍ ഇപ്പോള്‍ എഴുപത് സെന്റീമീറ്റര്‍ മാത്രമാണ് ജലനിരപ്പ്. തൊണ്ണൂറ് സെന്റീമീറ്ററെങ്കിലും ജലനിരപ്പ് ഉയരാതെ അകലെയുള്ള കോള്‍പാടങ്ങളിലേക്കു വെള്ളമെത്തില്ല. എളവള്ളി, പറപ്പൂര്‍ മേഖലകളിലേക്ക് വെള്ളം തിരിച്ചുവിടുന്നതിന് തടയണകള്‍ ആവശ്യമാണ്. എങ്കില്‍ മാത്രമേ ജലനിരപ്പ് ഉയര്‍ന്ന് ചിമ്മിനി ഡാമില്‍നിന്നു തുറന്നുവിടുന്ന വെള്ളം കൃത്യമായി കോള്‍പാടങ്ങളില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കര്‍ഷകര്‍ പറഞ്ഞു. മേഖലയിലെ നീരൊഴുക്ക് തടസപ്പെടുത്തുന്ന ചണ്ടി, മീന്‍ പത്തായങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ നടപടിയെടുത്തിട്ടില്ലെന്നും പതിയാര്‍കുളങ്ങര മുതലുള്ള ഭാഗത്ത് ചണ്ടികള്‍ നിറഞ്ഞുകിടക്കുകയാണെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. ജില്ലാ കോള്‍ വികസന സമിതിയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നില്ലെന്നും കര്‍ഷകര്‍ക്ക് പരാതിയുണ്ട്. ചിമ്മിനി ഡാം തുറന്നാല്‍ പതിനഞ്ചു ദിവസമെടുത്താണ് കോള്‍ചാലുകളില്‍ വെള്ളമെത്തുന്നത്. അതിനാല്‍ തന്നെ പാതിവളര്‍ച്ചയെത്തിയ നെല്ല് ഉണങ്ങിപ്പോകാതിരിക്കാന്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകനായ സദാശിവന്‍ മധുക്കര ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it