Articles

തകര്‍ച്ചകളും ഉയര്‍ച്ചകളും

ശാംലാല്‍
നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയുടെ തെക്കും കിഴക്കും വടക്കുകിഴക്കും സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ക്ക് ദേശീയമായ പ്രാധാന്യമുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപിയേക്കാള്‍ പതിന്മടങ്ങ് ശക്തിയും സ്വാധീനവും കോണ്‍ഗ്രസ്സും ഇടതുകക്ഷികളും പ്രാദേശിക കക്ഷികളും പുലര്‍ത്തിക്കൊണ്ടിരുന്നവയാണ് അസം, പശ്ചിമബംഗാള്‍, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍. അസമില്‍ 15 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരണമായിരുന്നു. പശ്ചിമബംഗാളില്‍ മൂന്നരപ്പതിറ്റാണ്ടു നീണ്ട സിപിഎമ്മിന്റെ കുത്തക തകര്‍ത്തുകൊണ്ട് 2011ലെ തിരഞ്ഞെടുപ്പില്‍ പുതുതായി ഉദിച്ചുയര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. തമിഴ്‌നാട് ദ്രാവിഡകക്ഷികളുടെ മാത്രം അങ്കത്തട്ടായി മാറിയിട്ട് കാലമേറെയായി. കേരളത്തിന്റെ പാരമ്പര്യമാവട്ടെ, കോണ്‍ഗ്രസ്സും സിപിഎമ്മും നേതൃത്വം നല്‍കുന്ന രണ്ടു മുന്നണികളുടെ അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള വച്ചുമാറ്റ ഭരണവും. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ രാഷ്ട്രീയം തമിഴ്‌നാടിന്റെ ചെറിയ അനുരണനം മാത്രമാണ്.അസമില്‍ ബിജെപി മുന്നണി കോണ്‍ഗ്രസ്സിനെ തൂത്തെറിഞ്ഞ് ഭരണം പിടിച്ചെടുത്തു. കോണ്‍ഗ്രസ്സും ഗോത്രവര്‍ഗ പാര്‍ട്ടികളും മാത്രം മാറ്റുരച്ചുകൊണ്ടിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള വിജയകവാടമായാണ് അസം വിജയത്തെ ബിജെപി കാണുന്നത്. അസം ഗണപരിഷത്ത്, ബോഡോ പീപ്പിള്‍സ് ഫ്രണ്ട് എന്നീ പാര്‍ട്ടികളെ കൂടെ കൂട്ടി ശക്തമായ മുന്നണി തീര്‍ത്തുകൊണ്ട് തികഞ്ഞ മുന്നൊരുക്കത്തോടെയാണ് ബിജെപി തിരഞ്ഞെടുപ്പിനിറങ്ങിയത്. 2011ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയേക്കാള്‍ സ്വാധീനം തെളിയിച്ച ബംഗാളി മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടിയായ എഐഎയുഡിഎഫും കോണ്‍ഗ്രസ്സും തമ്മില്‍ സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ ഇത്തവണ ഫലം മറിച്ചാവുമായിരുന്നു. 15 വര്‍ഷം മുഖ്യമന്ത്രിപദവി ആസ്വദിച്ചിട്ടും കൊതിതീരാതെ വീണ്ടും ചടഞ്ഞിരിക്കാന്‍ ഒരുമ്പെട്ട തരുണ്‍ ഗൊഗോയ്‌ക്കെതിരേ കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ രൂപപ്പെട്ട കലാപവും തുടര്‍ച്ചയായ ഭരണത്തോടുള്ള ജനത്തിന്റെ മടുപ്പും കോണ്‍ഗ്രസ്സിന്റെ പതനത്തിന് ആക്കംകൂട്ടി. അങ്ങനെ 126 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് പതിനാറിലേക്കും എഐഎയുഡിഎഫ് പതിമൂന്നിലേക്കും ചുരുങ്ങി. അസമിലെ ജനസംഖ്യയുടെ ഗണ്യമായ ഘടകമായ ബംഗാളി ന്യൂനപക്ഷങ്ങള്‍ക്കെതിരായി അസമീസ് വികാരവും മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വവികാരവും ആളിക്കത്തിച്ചുകൊണ്ടാണ് ബിജെപി മുന്നണി അവിടെ ജയമുറപ്പിച്ചത്. പൗരത്വനിഷേധം വിവിധരൂപേണ നേരിട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് 'ബംഗ്ലാദേശി' (സമം ബംഗാളി) നുഴഞ്ഞുകയറ്റം അവസാനിപ്പിക്കലാണ് തങ്ങളുടെ പ്രഥമ ദൗത്യമെന്നുള്ള നിയുക്ത മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.പശ്ചിമബംഗാളില്‍നിന്നു ലഭിക്കുന്നത് സിപിഎം തുടച്ചുമാറ്റപ്പെടുന്നതിന്റെ സൂചനകളാണ്. കേരളത്തില്‍ തങ്ങളുടെ ബദ്ധവൈരികളായിട്ടും കോണ്‍ഗ്രസ്സുമായി ചങ്ങാത്തം കൂടാന്‍ സിപിഎം മുന്‍കൈയെടുത്തതു തന്നെ ഈ യാഥാര്‍ഥ്യം മുന്നറിയിപ്പായി ഉള്‍ക്കൊണ്ടതിനാലാണ്. എന്നാല്‍, പരസ്പരം കെട്ടിപ്പിടിച്ച് കൂടുതല്‍ ആഴത്തിലേക്കു മുങ്ങിത്താഴാന്‍ മാത്രമേ സിപിഎം-കോണ്‍ഗ്രസ് സഖ്യം ഇരുകക്ഷികള്‍ക്കും ഉപകരിച്ചുള്ളൂ. സിപിഎമ്മിന്റെ സീറ്റ് 42ല്‍ നിന്ന് 24 ആയി കുറഞ്ഞതു മാത്രം മെച്ചം. കോണ്‍ഗ്രസ്സാവട്ടെ 45 സീറ്റ് നേടി സിപിഎമ്മിനെ നാണംകെടുത്തുകയും ചെയ്തു. 211 സീറ്റോടെ മമതാ ബാനര്‍ജി നേടിയ കനത്ത ഭൂരിപക്ഷത്തിന്റെ ഭരണത്തുടര്‍ച്ച സിപിഎം ആഴത്തില്‍ വിശകലനം ചെയ്തു പാഠമുള്‍ക്കൊള്ളേണ്ടതാണ്. ബിജെപിയുടെ വേഗത്തിലുള്ള വളര്‍ച്ച മുന്നില്‍ക്കണ്ടിട്ടും ബംഗാളി ജനസംഖ്യയുടെ 27 ശതമാനമുള്ള മുസ്‌ലിംകള്‍ സിപിഎമ്മില്‍ വിശ്വാസമര്‍പ്പിക്കാതെ മമതാ ദീദിയെ തുടര്‍ന്നും പിന്തുണച്ചതിന്റെ കാരണങ്ങളും സിപിഎം അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതാണ്. സവര്‍ണ ഭദ്രലോക് നിയന്ത്രിക്കുന്ന ബംഗാള്‍ സിപിഎമ്മില്‍നിന്നു ഹിന്ദുക്കള്‍ മമതയുടെ പിന്നാലെ പോവുക മാത്രമല്ല, ബിജെപിയിലേക്ക് ഒഴുകുകയും ചെയ്യുന്നുണ്ട്. ബിജെപി നേടിയ സീറ്റുകള്‍ മൂന്നില്‍ ഒതുങ്ങിയെങ്കിലും 10.5 ശതമാനം വോട്ടുവിഹിതം അവര്‍ക്ക് നേടാനായി. കേരളത്തില്‍ ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളൂവെങ്കിലും 10.2 ശതമാനം വോട്ട് നേടിയതിന് സമാനമാണിത്.പശ്ചിമബംഗാളിലെപോലെ ഭരണവിരുദ്ധ തരംഗമല്ല, ഭരണാനുകൂല വികാരമാണ് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചുകണ്ടത്. എക്‌സിറ്റ്‌പോള്‍ സര്‍വേ ഫലങ്ങള്‍ തള്ളിക്കൊണ്ട് മുഖ്യമന്ത്രി ജയലളിത 134 സീറ്റോടെ ഒറ്റയ്ക്ക് ആധിപത്യം നിലനിര്‍ത്തി. കോണ്‍ഗ്രസ്സുമായി മുന്നണിയുണ്ടാക്കിയിട്ടും അധികാരലബ്ധി കണക്കുകൂട്ടിയ ഡിഎംകെയ്ക്ക് 89 സീറ്റേ നേടാനായുള്ളൂ. മമതയുടെ കാര്യത്തിലെന്നപോലെ, ജനപ്രിയ നടപടികളാണ് ജയലളിതയ്ക്കും തുണയായതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും 2011ലെ മേല്‍ക്കൈ നിലനിര്‍ത്താന്‍ എഐഎഡിഎംകെയ്ക്ക് ആയില്ല. ദ്രാവിഡരാഷ്ട്രീയത്തിന്റെ വ്യക്തി-സമുദായ കേന്ദ്രീകൃതമായ വകഭേദങ്ങള്‍ മാറ്റുരയ്ക്കപ്പെടുന്ന തമിഴ്‌നാട്ടില്‍ ഹിന്ദുരാഷ്ട്രീയം വേരുപിടിക്കുന്നില്ലെന്നതിന്റെ തെളിവാണ് ബിജെപി നേടിയ പൂജ്യം സീറ്റും വെറും 2.8 ശതമാനം വോട്ടും. മുസ്‌ലിം ജനസംഖ്യ അവിടെ ആറുശതമാനത്തില്‍ താഴെയാണെങ്കിലും മുസ്്‌ലിം സമുദായത്തില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ അത്രതന്നെയെങ്കിലുമുണ്ട്. ഡിഎംകെ മുന്നണിയുടെ ഭാഗമായി മല്‍സരിച്ച കക്ഷികളില്‍ മുസ്‌ലിം ലീഗ് ഒരു സീറ്റിലൊതുങ്ങിയപ്പോള്‍, മനിതനേയ മക്കള്‍ കച്ചി (എംഎംകെ) സീറ്റൊന്നും നേടിയില്ല. 30 സീറ്റില്‍ ഒറ്റയ്ക്ക് മല്‍സരിച്ച എസ്ഡിപിഐ 68,188 വോട്ട് നേടി നില മെച്ചപ്പെടുത്തി.കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയും ഇടതു ജനാധിപത്യ മുന്നണിയും തമ്മിലെ വച്ചുമാറ്റഭരണത്തിന്റെ ചടങ്ങ് എന്നതില്‍ കവിഞ്ഞ പ്രാധാന്യം ഇത്തവണത്തെ ഇലക്ഷന് കൈവരുന്നത് ഹിന്ദുത്വ ഫാക്റ്റര്‍ കാരണമായാണ്. ഭരണത്തുടര്‍ച്ച തേടി യുഡിഎഫും എല്ലാം ശരിയാക്കാമെന്ന വാഗ്ദാനത്തോടെ എല്‍ഡിഎഫും നടത്തിയ മല്‍സരത്തിന്റെ വിടവിലൂടെ വില്ലന്‍ വിലസിയതായി ഇരുകൂട്ടര്‍ക്കും ബോധ്യപ്പെട്ടത് റിസല്‍ട്ട് വന്നതിനു ശേഷമാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ബിജെപിയിലേക്ക് എതിര്‍മുന്നണിയില്‍നിന്നുള്ള വോട്ടുചോര്‍ച്ചയെക്കുറിച്ച് യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങളാണ്. യുഡിഎഫിന്റെ അവസാന നാളുകളില്‍ നിറഞ്ഞുനിന്ന അഴിമതി-അവിഹിത സംഭവങ്ങളും ഇറങ്ങിപ്പോവുന്ന തിരക്കിനിടയിലും തരപ്പെടുത്തിക്കൊടുത്ത ഭൂമിദാനങ്ങളും ഇല്ലായിരുന്നെങ്കില്‍ ഭരണം ഉമ്മന്‍ചാണ്ടിക്ക് പിണറായി വിജയനെ ഏല്‍പ്പിക്കേണ്ടിവരുമായിരുന്നില്ല. മൂന്നു മുന്നണികളുടെയും നേതാക്കളുടെ കുറിക്കുകൊള്ളുകയും മുറിപ്പെടുത്തുകയും ചെയ്ത വാക്ശരങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹരം പകര്‍ന്നപ്പോള്‍, അടിസ്ഥാന വിഷയങ്ങളിന്മേലുള്ള പാര്‍ട്ടികളുടെ നയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മാധ്യമങ്ങളും ഒപ്പം ജനങ്ങളും താല്‍പര്യം പുലര്‍ത്തിയില്ല.ഇടത്-വലതു നേതാക്കളും ഭൂരിപക്ഷം ജനങ്ങളും ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിരങ്ങി ആത്മസുഖം അനുഭവിച്ചുകൊണ്ടിരുന്നപ്പോള്‍, കേരളീയസമൂഹത്തില്‍ നിഗൂഢമായി വലിയൊരു മാറ്റം സംഭവിക്കുകയായിരുന്നു. നേമം മണ്ഡലത്തില്‍നിന്നു വിജയിച്ച രാജഗോപാല്‍ വഴി കേരള നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നു എന്നതിനേക്കാള്‍ ശ്രദ്ധേയമാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മറ്റു രണ്ടു നേട്ടങ്ങള്‍. ഒന്ന്, ഏഴു മണ്ഡലങ്ങളില്‍ ബിജെപി സഖ്യം എല്‍ഡിഎഫിനെയോ യുഡിഎഫിനെയോ മൂന്നാംസ്ഥാനത്തേക്കു തള്ളി രണ്ടാംസ്ഥാനത്തെത്തി. രണ്ട്, മല്‍സരിച്ച ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും ലഭിച്ച വോട്ട് മുമ്പ് ലഭിച്ചതിനേക്കാള്‍ ഇരട്ടിയോ മൂന്നും നാലും ഇരട്ടിയോ ഒക്കെയാണ്. മതന്യൂനപക്ഷങ്ങള്‍ ഒഴികെയുള്ള കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും പരമ്പരാഗത വോട്ടുബാങ്കുകളുടെ തകര്‍ച്ചയും ആ തകര്‍ച്ചയില്‍നിന്നു തീവ്രഹിന്ദുത്വ വര്‍ഗീയതയിലേക്കുള്ള ചോര്‍ച്ചയും ഒരു സാധ്യതയായി ഈ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഗൗരവത്തിലെടുത്തില്ല. മതേതരത്വം ഉദ്‌ഘോഷിക്കുന്ന കക്ഷികളുടെ നിരുത്തരവാദത്തിലേക്കും സങ്കുചിത സമീപനത്തിലേക്കും വിരല്‍ചൂണ്ടുന്ന ഉദാഹരണങ്ങളാണ് നേമവും മഞ്ചേശ്വരവും. നേമത്ത് പരമ്പരാഗത യുഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയപ്പോള്‍, മഞ്ചേശ്വരത്ത് ബിജെപി ജയിച്ചാലും തരക്കേടില്ല എന്ന നിലപാടെടുത്തു എല്‍ഡിഎഫ്. ഒരു സമൂഹമെന്ന നിലയിലായാലും വോട്ടുബാങ്ക് എന്ന നിലയിലായാലും സംഘപരിവാര രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടത് മതന്യൂനപക്ഷങ്ങള്‍ മാത്രം ഏറ്റെടുത്തിട്ടുള്ള ചുമതലയാണെന്നാണ് കേരളത്തിലെ ഓരോ തിരഞ്ഞെടുപ്പുഫലവും വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വഭരണത്തിന്റെ പ്രഥമ ഇരകള്‍ മതന്യൂനപക്ഷങ്ങളായതിനാല്‍, ആ ചുമതല അവര്‍ തന്നെ നോക്കിക്കൊള്ളട്ടെ എന്നതാണോ മതേതരരാഷ്ട്രീയം കേരളത്തിനു നല്‍കാനുദ്ദേശിക്കുന്ന സന്ദേശം?വ്യത്യസ്ത ജനവിരുദ്ധ മുന്നണികളിലായി വിന്യസിക്കപ്പെട്ടിരിക്കുന്ന മുഖ്യധാരാ രാഷ്ട്രീയത്തിന് ഒരു ബദല്‍ സാധ്യമാണോ എന്ന ചര്‍ച്ച പോലും തിരഞ്ഞെടുപ്പുവേളകളില്‍ തമസ്‌കരിക്കപ്പെടുകയാണ്. അടിസ്ഥാനപരമായി ഒരേ നയസമീപനങ്ങള്‍ വച്ചുപുലര്‍ത്തുമ്പോഴും, ചെറിയ സാന്നിധ്യങ്ങളായിട്ടുപോലും ഐക്യപ്പെടാന്‍ സന്നദ്ധമല്ലാത്ത നവരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കു കൂടി ഇങ്ങനെ അവര്‍ തമസ്‌കരിക്കപ്പെടുന്നതിലും തിരസ്‌കരിക്കപ്പെടുന്നതിലും ഉത്തരവാദിത്തമുണ്ട്.
Next Story

RELATED STORIES

Share it