Flash News

ഡോ. ഹാദിയ വിഷയം : എം സി ജോസഫൈനെതിരേ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍



കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വനിതാ സെല്‍ ഉദ്ഘാടനം ചെയ്യാനെത്തിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസൈഫനെതിരേ കോളജിലെ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. ഡോ. ഹാദിയ വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ തുടരുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കാംപസ് ഫ്രണ്ട്, ഫ്രറ്റേണിറ്റി മൂവ്‌െമന്റ്, കെഎസ്‌യു എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.രാവിലെ 10.30ഓടെ കോളജിലെത്തിയ എം സി ജോസഫൈന്‍ വനിതാ സെല്ലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം തിരികെ പോവുപ്പോഴായിരുന്നു മുദ്രാവാക്യം വിളികളുമായി വിദ്യാര്‍ഥികള്‍ എത്തിയത്. ദിവസവും 10 പെണ്‍കുട്ടികളുടെയെങ്കിലും കരച്ചില്‍ ഫോണിലൂടെ താന്‍ കേള്‍ക്കുന്നുണ്ടെന്നു പറയുന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ എന്തുകൊണ്ട് ഹാദിയയുടെ കരച്ചില്‍ മാത്രം കേള്‍ക്കുന്നില്ലെന്നു വിദ്യാര്‍ഥികള്‍ ചോദിച്ചു. എന്നാല്‍ ജോസഫൈന്‍ മറുപടി പറയാതെ കാറില്‍ക്കയറി പോവുകയാണു ചെയ്തത്.മുഹമ്മദ്, ഷെഹീദ ഹുസയ്ന്‍, ഇസ്ഹാഖ് ഇബ്രാഹീം, തംജീദ് പ്രതിഷേധ സമരത്തിനു നേതൃത്വം നല്‍കി. ഇതിനിടെ പ്രതിഷേധം അലങ്കോലപ്പെടുത്താന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഹാദിയ വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ തുടരുന്ന സമീപനത്തിനെതിരേ കഴിഞ്ഞദിവസം കാംപസ് ഫ്രണ്ട് പോസ്റ്ററുകള്‍ പതിച്ചിരുന്നുവെങ്കിലും എസ്എഫ്‌ഐക്കാര്‍ ഇതു നശിപ്പിച്ചു കളഞ്ഞതായി കാംപസ് ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it