ഡോ. ഹാദിയ: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് എംഎല്‍എയ്ക്ക് നിവേദനം നല്‍കി

ഈരാറ്റുപേട്ട: ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് അഞ്ചുമാസത്തിലേറെയായി വൈക്കത്ത് കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ക്കിരയായി വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയക്ക് നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കോട്ടയം ജില്ലാ കമ്മിറ്റി പി സി ജോര്‍ജ് എംഎല്‍എയ്ക്ക് നിവേദനം നല്‍കി. നിയമസഭയില്‍ വിഷയം ഉന്നയിക്കണമെന്നും ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണം നടത്തി നിജസ്ഥിതി സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. സ്വമേധയാ മതംമാറിയവരെ പീഡിപ്പിക്കുന്ന ഘര്‍വാപസി പീഡനകേന്ദ്രങ്ങള്‍ തൃപ്പൂണിത്തുറയിലുള്‍പ്പെടെ സംസ്ഥാനത്ത്് നിര്‍ബാധം പ്രവര്‍ത്തിക്കുമ്പോഴാണ് കോടതി ഉത്തരവിന്റെ മറവില്‍ ഹാദിയയെ 150 ദിവസത്തിലധികമായി വീട്ടുതടവിലാക്കിയിരിക്കുന്നത്. ഡോ. ഹാദിയക്ക് വീട്ടില്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന പിതാവ് അശോകന്റെ വാക്കുകളാണ് പോലിസ് റിപോര്‍ട്ടായി പുറത്തുവരുന്നത്. എന്നാല്‍, ഹാദിയയുടെ യഥാര്‍ഥ അവസ്ഥ രാഹുല്‍ ഈശ്വര്‍ വീഡിയോചിത്രം സഹിതം വെളിപ്പെടുത്തിയതാണ്. മയക്കുമരുന്ന് കുത്തിവച്ചുപോലും ഹാദിയയെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നു വെന്ന പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ടും ഭരണ-പ്രതിപക്ഷ കക്ഷികള്‍ അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നത്. ഈ നിസ്സംഗത സംസ്ഥാനം ഒരു ദുരഭിമാനക്കൊലയ്ക്കുപോലും സാക്ഷിയാവേണ്ടിവരുമോയെന്ന ആശങ്കയുണ്ടാക്കുന്നതായി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് റസിയാ ഷെഹീര്‍, വൈസ് പ്രസിഡന്റ് സബീന മുജീബ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷൈലാ അന്‍സാരി, നിഷാ സൈഫുള്ള, നസീറാ സുബൈര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it