Flash News

ഡോ. ഹാദിയ : വനിതാ കമ്മീഷന്‍ അപേക്ഷ ഫയല്‍ ചെയ്തു



ന്യൂഡല്‍ഹി: ഹാദിയ കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന കേരള വനിതാ കമ്മീഷന്റെ ഹരജി സുപ്രിംകോടതി അംഗീകരിച്ചതിനെ തുടര്‍ന്നു കമ്മീഷന്‍ ഇന്നലെ കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു. വിദഗ്ധനായ ഒരു ഡോക്ടറുടെ സാന്നിധ്യത്തില്‍ ഹാദിയയെ സന്ദര്‍ശിക്കാനും അവരുമായി സംസാരിച്ച് റിപോര്‍ട്ട് തയ്യാറാക്കി മുദ്ര വച്ച കവറില്‍ കോടതി മുമ്പാകെ സമര്‍പ്പിക്കാനുമായി കേരള വനിതാ കമ്മീഷന്‍ നല്‍കിയ ഹരജിയാണു കോടതി ഫയലില്‍ സ്വീകരിച്ചത്. ചട്ടങ്ങള്‍ പ്രകാരമുള്ള കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നാണു കമ്മീഷന്‍ സുപ്രിംകോടതിയോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ട ഹൈക്കോടതി, ഹാദിയയെ കാണുന്നതിന് ആര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നു കമ്മീഷന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഹാദിയയെ കാണാന്‍ അനുവദിക്കുന്നില്ലെന്നുള്ള നിരവധി പരാതികള്‍ കമ്മീഷന് ലഭിക്കുന്നുണ്ട്. പരാതികളില്‍ പലതും ലഭിച്ചിരിക്കുന്നത് അംഗീകൃത സംഘടനകളില്‍ നിന്നാണ്. 1990ലെ കേരള വനിതാ കമ്മീഷന്‍ ആക്റ്റ് പ്രകാരം സ്ഥാപിതമായ സംസ്ഥാന വനിതാ കമ്മീഷന്‍ നിയമത്തിലെ 17ാം വകുപ്പ് പ്രകാരം സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ഏത് അതിക്രമം സംബന്ധിച്ചു ലഭിക്കുന്ന പരാതിയിലും അന്വേഷണം നടത്താം. അന്വേഷണത്തിനു രേഖാമൂലമുള്ള പരാതിയുടെ വരെ ആവശ്യമില്ല. ഈ സാഹചര്യത്തില്‍ ചട്ടങ്ങള്‍ പ്രകാരമുള്ള കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നാണ് അഡ്വ. പി വി ദിനേഷ് മുഖേന കമ്മീഷന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്. കമ്മീഷന്റെ അപേക്ഷ അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും.അതേസമയം, കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുസംഘം അഭിഭാഷകര്‍ നല്‍കിയ ഹരജി കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. വനിതാ കമ്മീഷ ന്‍ കേസില്‍ കക്ഷിചേരുന്നത് എന്തിനാണെന്ന് തങ്ങള്‍ക്കു മനസ്സിലാകും. മറ്റു ആരെയും കക്ഷിചേരാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയാണു കോടതി ആവശ്യം നിരസിച്ചത്.
Next Story

RELATED STORIES

Share it