Flash News

ഡോ. ഹാദിയ : മതംമാറ്റത്തിന് സമ്മര്‍ദമില്ല



തിരുവനന്തപുരം/കൊച്ചി: ഡോ. ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തള്ളി ക്രൈംബ്രാഞ്ച്്. ഹാദിയയുടെ മതംമാറ്റത്തിന് സമ്മര്‍ദമുണ്ടായിട്ടില്ലെന്നും ഭീകരവാദബന്ധമില്ലെന്നുമുള്ള ക്രൈംബ്രാഞ്ചിന്റെ ഇടക്കാല അന്വേഷണ റിപോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി.മതംമാറ്റത്തിനു പിന്നില്‍ ഒരു സംഘടനയുടെയും സമ്മര്‍ദം ഉണ്ടായിട്ടില്ലെന്ന് എറണാകുളം ക്രൈംബ്രാഞ്ച് എസ്പി സന്തോഷ്‌കുമാര്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. ഇന്ന് ഹാദിയ കേസ് പരിഗണിക്കുമ്പോള്‍ റിപോര്‍ട്ടിന്റെ ഉള്ളടക്കം സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിക്കും. മതംമാറ്റത്തിനു പിന്നില്‍ ഭീകരവാദസംഘടനകള്‍ സ്വാധീനിച്ചെന്ന ആരോപണത്തിനും തെളിവില്ല. സ്വന്തം താല്‍പര്യപ്രകാരമാണ് മതംമാറിയതെന്നാണു ഹാദിയ നല്‍കിയിരിക്കുന്ന മൊഴി. സഹപാഠികളുടെ ആചാരങ്ങളില്‍ താല്‍പര്യമുണ്ടായാണ് ഇസ്‌ലാംമതം സ്വീകരിച്ചത്. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രേരണ മതംമാറ്റത്തിനു പിന്നിലുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കുന്നുണ്ടെന്നും റിപോര്‍ട്ടിലുണ്ട്. ഹാദിയയുടെ വിവാഹത്തെക്കുറിച്ചുള്ള രേഖകള്‍ പരിശോധിച്ചതായി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മതാചാരപ്രകാരമുള്ള ചടങ്ങുകളെല്ലാം പാലിച്ചാണ് വിവാഹം നടന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കേസ് ആദ്യം അന്വേഷിച്ച പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രനും സമാന റിപോര്‍ട്ടായിരുന്നു തയ്യാറാക്കിയത്. സുപ്രിംകോടതിയില്‍ ഹാദിയ കേസ് നിര്‍ണായ ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ടതരത്തിലുള്ള കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സുപ്രിംകോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. പോലിസ് അന്വേഷണത്തോടൊപ്പം ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണവിവരങ്ങളും ക്രോഡീകരിച്ചാണ് സര്‍ക്കാര്‍ വിവരങ്ങള്‍ നല്‍കിയത്. സുപ്രിംകോടതിയിലെ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കേസ് എന്‍ഐഎക്ക് വിടുന്നതില്‍ വിരോധമില്ലെന്ന വിചിത്ര നിലപാട് നേരത്തേ സ്വീകരിച്ചത് കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് ഇന്നു പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it