Flash News

ഡോ. ഹാദിയ : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്



കോട്ടയം: വിവാഹം അസാധുവാക്കി രക്ഷിതാക്കള്‍ക്കൊപ്പം ഹൈക്കോടതി വിട്ടയച്ച ഡോ. ഹാദിയ വീട്ടിനുള്ളില്‍ കടുത്ത മനുഷ്യാവകാശ ലംഘനം അനുഭവിക്കുകയാണെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ആരോപണം ശരിയാണെങ്കില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഹാദിയ അനുഭവിക്കുന്നതെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് പറഞ്ഞു. ഡോ. ഹാദിയയുടെ ജീവിതത്തെക്കുറിച്ച് കോട്ടയം ജില്ലാ പോലിസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. വൈക്കം ടിവി പുരം സ്വദേശിനിയായ അഖില എന്ന  ഹാദിയയെ മുറിയില്‍നിന്നു പുറത്തിറങ്ങാന്‍പോലും രക്ഷകര്‍ത്താക്കള്‍ അനുവദിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. പോലിസ് ഉദ്യോഗസ്ഥരുടെ സുരക്ഷയിലാണ് ഡോ. ഹാദിയയുടെ വീട്ടുതടങ്കല്‍. ടിവി കാണാന്‍ അനുവാദമില്ല. നോമ്പെടുക്കാറുണ്ട്. ഖുര്‍ആന്‍ വായിക്കാനാണ് സമയം ചെലവാക്കുന്നത്. മുറിക്കകത്തുള്ള കുളിമുറിയില്‍ വസ്ത്രമലക്കും. കഴുകിയ വസ്ത്രങ്ങള്‍ പുറത്ത് ഉണങ്ങാനിടാന്‍ അനുവാദമില്ല. ജീവന്‍ നിലനിര്‍ത്താനുള്ള ആഹാരം മാത്രമാണ് കഴിക്കുന്നത്. സ്ഥലത്തുള്ള വനിതാ പോലിസുകാര്‍ക്ക് പോലും ഡോ. ഹാദിയക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കാന്‍ അനുവാദമില്ല. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തിയെന്ന കാരണത്താലാണ് വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനെയാണ് ഡോ. ഹാദിയ വിവാഹം കഴിച്ചത്. കോടതി ഉത്തരവുപ്രകാരമാണ് ഹാദിയ ടിവി പുരത്തെ വസതിയില്‍ കഴിയുന്നത്. ഹാദിയയുടെ ജീവിതത്തെക്കുറിച്ചുള്ള നാട്ടുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങള്‍ അവരെ സന്ദര്‍ശിക്കാനെത്തിയിരുന്നു. എന്നാല്‍, പോലിസ് അനുവദിച്ചില്ല. നാഷനല്‍ വുമണ്‍സ് ഫ്രണ്ടിന് വേണ്ടി സംസ്ഥാന പ്രസിഡന്റ് എല്‍ നസീമയാണ് പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it