Flash News

ഡോ. ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക : കലക്ടറേറ്റ് മാര്‍ച്ച് നടത്തി



കോട്ടയം: ഡോ. ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കലക്ടറേറ്റിലേക്ക് സോളിഡാരിറ്റി, എസ്‌ഐഒ, ജിഐഒ പ്രവര്‍ത്തകര്‍ സംയുക്ത മാര്‍ച്ച് നടത്തി. മാര്‍ച്ചിന് ശേഷം നടത്തിയ ധര്‍ണ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി എ പൗരന്‍ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷം സംസ്ഥാനം ഭരിക്കുമ്പോഴും അഭ്യസ്തവിദ്യയായ ഒരു സ്ത്രീ മാസങ്ങളായി ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഒരുക്കിയ വീട്ടുതടങ്കലില്‍ കഴിയേണ്ടിവരുന്നതു പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.  പൗരന്റെ വിശ്വാസവും ആരാധനയും അതിന്റെ പ്രബോധനവും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളാണ്. അതിനുള്ള സ്വാതന്ത്ര്യമാണു  ഹാദിയയ്ക്കു നിഷേധിക്കപ്പെടുന്നത്. രാജ്യത്തെ ഫാഷിസ്റ്റുകള്‍ കുടിയേറ്റക്കാരാണ്. അവരോടു ഘര്‍വാപസി പ്രഖ്യാപിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ക്കു സാധിക്കണമെ ന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പോലിസിനും സംഘപരിവാരത്തിനുമെതിരായ കടുത്ത പ്രതിഷേധമാണു മുദ്രാവാക്യങ്ങളില്‍ മുഴങ്ങിയത്. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി എം സ്വാലിഹ് അധ്യക്ഷത വഹിച്ചു. എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് സി ടി ശുഹൈബ്്, ജിഐഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹ്മദ്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ശിഹാബ് കാസിം, തന്‍സീന അഷ്ഫാഖ്, അര്‍ഷദ് പി അശ്്‌റഫ് സംസാരിച്ചു. ഹാദിയയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുക, ഹാദിയയ്ക്ക് ആശയ വിനിമയം നടത്താനുള്ള സൗകര്യം നല്‍കുക, വൈദ്യസഹായം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്്. ഗാന്ധി സ്‌ക്വയറിന് സമീപത്തു നിന്നാരംഭിച്ച മാര്‍ച്ച് കലക്ടറേറ്റ് കവാടത്തില്‍ പോലിസ് തടഞ്ഞു. പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് ചെറിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി. മാര്‍ച്ചിന് ശേഷം പ്രവര്‍ത്തകര്‍ക്കൊപ്പം മെഡിക്കല്‍ സംഘം വൈക്കത്തെ ഡോ. ഹാദിയയുടെ വീട്ടിലേക്കു പോയെങ്കിലും വീടിനു സമീപം പോലിസ് തടഞ്ഞു.  അതേസമയം, മാര്‍ച്ച് നടത്തിയ എട്ടു സോളിഡാരിറ്റി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. കിളിരൂര്‍ സ്വദേശി ജവാദ് (28), മുണ്ടക്കയം സ്വദേശി അല്‍ത്താഫ് (23), ഈരാറ്റുപേട്ട സ്വദേശി ബാദുഷ (30), സംക്രാന്തി സ്വദേശി സബീര്‍ (18), ഈരാറ്റുപേട്ട സ്വദേശികളായ അജ്മല്‍ (20), നദീര്‍ (19), സമീര്‍ (27), സാദിഖ് (27) എന്നിവരെയാണു പോലിസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ചിനിടെ പോലിസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും പോലിസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്.
Next Story

RELATED STORIES

Share it