Flash News

ഡോക്യുമെന്ററി നിരോധനം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണം: പോപുലര്‍ ഫ്രണ്ട്

ഡോക്യുമെന്ററി നിരോധനം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണം: പോപുലര്‍ ഫ്രണ്ട്
X
കോഴിക്കോട്: 19ാമത് അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രോല്‍സവത്തില്‍ ചില ഡോക്യുമെന്ററികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ജെഎന്‍യു, കശ്മീര്‍, രോഹിത് വെമുല പ്രമേയങ്ങളായ ഡോക്യുമെന്ററികള്‍ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത്.
ഇന്ത്യയിലെ ദലിത് ജീവിതവുമായും അവരുടെ രാഷ്ട്രീയ ഉയിര്‍ത്തെഴുന്നേല്‍പ്പുമായും ബന്ധപ്പെട്ടതാണ് രോഹിത് വെമുലയെക്കുറിച്ചുള്ള 'അണ്‍ ബെയറബിള്‍ ബീയിങ് ഓഫ് ലൈറ്റ്‌നെസ്.' ഇന്ത്യന്‍ കാംപസുകളുടെ ചെറുത്തുനില്‍പിന്റെ പ്രതീകമായ ജെഎന്‍യുവിനെകുറിച്ചുള്ള 'മാര്‍ച്ച്, മാര്‍ച്ച്, മാര്‍ച്ച്' എന്ന ചിത്രവും കശ്മീര്‍ വിദ്യാര്‍ഥികള്‍ കലയുടെ രാഷ്ട്രീയം പറയുന്ന 'ഇന്‍ ദി ഫേഡ് ഓഫ് ഫാളന്‍ ചിനാറു'മാണ് ചലച്ചിത്രമേളയില്‍ നിന്നു മാറ്റിനിര്‍ത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ, ദലിത് വിരുദ്ധ, വിദ്യാര്‍ഥി വിരുദ്ധ രാഷ്ട്രീയത്തെ പ്രശ്‌നവല്‍ക്കരിക്കുന്ന സാംസ്‌കാരിക ഇടപെടലുകളാണ് മൂന്നു ചിത്രങ്ങളുടെയും ഉള്ളടക്കം. അവയുടെ പ്രദര്‍ശനാനുമതി നിഷേധിക്കുന്നതിലൂടെ ജനാധിപത്യത്തെ ഹിന്ദുത്വ ഫാഷിസം ഭയപ്പെടുന്നുവെന്നാണ് വ്യക്തമാവുന്നത്. ഭരണകൂടത്തിന് അനുകൂലമായവ മാത്രമേ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യാവൂ എന്ന ഏകാധിപത്യരീതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
തങ്ങള്‍ക്കിഷ്ടമില്ലാത്ത രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നു എന്ന ഒറ്റക്കാരണത്താല്‍ ഡോക്യുമെന്ററികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരേ പൗരസമൂഹം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണം. വിധേയപ്പെടുന്നതിലൂടെ ഫാഷിസത്തിന് വളംവച്ചുകൊടുക്കുകയാണു ചെയ്യുന്നതെന്നും സി പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it