Pathanamthitta local

ഡോക്ടറും വേണം മരുന്നും വേണം :പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി



പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് യുവാവിന്റെ ആത്മഹത്യാഭീഷണി. കൊല്ലം മേക്കോണ്‍ മുരുകന്‍ (47) ആണ് ഇന്നലെ രാവിലെ 11 ന് ആശുപത്രി വളപ്പിലെ പ്ലാവില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അഭാവം, മരുന്ന് ക്ഷാമം, എക്‌സറേ, സ്‌കാനിങ് ഉപകരണങ്ങ ള്‍ പ്രവര്‍ത്തിക്കാത്തത്, ശുചിത്വം ഇല്ലായ്മ തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
കാഷ്വാലിറ്റി വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. നിസാര അസുഖമായി വരുന്നവരെപോലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞുവിടുന്നതും പ്രതിഷേധത്തിന് മറ്റൊരു കാരണമായി ഇയാള്‍ പറയുന്നു. ഷുഗര്‍ രോഗിയായ ഇയാള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ സിറിഞ്ചും മരുന്നുകളും പുറത്തുനിന്നും വാങ്ങികൊണ്ടുവരാന്‍ പറഞ്ഞതാണ് മുരുകനെ ചൊടിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ ആശുപത്രി പടിക്കല്‍ നിരാഹാരം ഇരിക്കാമെന്ന് അറിയിച്ച് ഇയാള്‍ നോട്ടീസ് വിതരണം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
മരത്തിന് മുകളില്‍ ഇരുന്ന് ഭീഷണി മുഴക്കുന്നത് കണ്ട് ആശുപത്രി പരിസരത്ത് ജനങ്ങള്‍ തിങ്ങികൂടി. താഴെ ഇറങ്ങാന്‍ പലരും ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല.
വിവരം അറിഞ്ഞ് നഗരസഭ ചെയര്‍പേഴ്‌സന്‍ രജനി പ്രദീപും വൈസ് ചെയര്‍മാന്‍ പി കെ ജേക്കബും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സും പോലിസും വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തുകയും ചെയ്തു.
ഒടുവില്‍ ഫയര്‍ഫോഴ്‌സ് ഏണി ഉപയോഗിച്ച് മരത്തിന് മുകളില്‍ നിന്നും മുരുകനെ സാവാധാനം താഴെ ഇറക്കി. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ശ്രീലതയുമായി നഗരസഭ ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും പോലിസും ചര്‍ച്ച നടത്തി.  വിവരം ഡിഎംഒയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുമെന്ന് സൂപ്രണ്ട് ഉറപ്പ് നല്‍കി.
Next Story

RELATED STORIES

Share it