thrissur local

ഡിവൈഡര്‍ പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമാവുന്നു

ഒരുമനയൂര്‍: ചേറ്റുവ ടോളിന് സമീപം വീണ്ടും കണ്ടെയ്‌നര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ എറണാംകുളത്തു നിന്നും വണ്ടൂരിലേക്ക് ടൈല്‍സ് കയറ്റി പോകുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ ലോറി ഡ്രൈവര്‍ കുന്നംകുളം സ്വദേശി നൗഷാദിന് പരിക്കേറ്റു. ഇയാളെ ആക്‌സിഡന്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകര്‍ എംഐ ആശുപത്രിയില്‍ എത്തിച്ചു. അതിനിടെ റോഡിനു കുറുകെയായി ലോറി മറിഞ്ഞു കിടക്കുന്നതിനാല്‍ ഗതാഗതം ഭാഗികമായി സ്തംഭിച്ചത് ഗതാഗത കുരുക്കിന് ഇടയാക്കി. ആക്‌സിഡന്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകരും എംസിസി  ലൈഫ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗതാഗത നിയന്ത്രിച്ചത്. ചേറ്റുവ ടോളിന് സമീപം അപകടം പതിവാകുന്ന സാഹചര്യത്തില്‍ ഡിവൈഡര്‍ പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്തു സമാനമായ അപകടം നടന്നിരുന്നു.
ചേറ്റുവ ടോള്‍ നിലനിന്നിരുന്ന കാലത്തു നിര്‍മിച്ച വീതിയേറിയ ഡിവൈഡര്‍ ടോള്‍ ബൂത്ത നിര്‍ത്തലാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞും പൊളിച്ചു നീക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണം. റോഡിന് നടുവില്‍ നിര്‍മിച്ചിരിക്കുന്ന ഡിവൈഡറില്‍ അപകട സൂചികയായി ആകെയുള്ളത് പ്രദേശത്തെ എംസിസി ലൈഫ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ച സോളാര്‍ റിഫഌക്ടര്‍ ലൈറ്റ് മാത്രമായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ അപകടത്തില്‍ ആ ലൈറ്റും തകര്‍ന്നതോടെ ചേറ്റുവ പാലം ഇറങ്ങി വരുന്ന വാഹനങ്ങള്‍ക്ക് ഡിവൈഡര്‍ അപകടം വരുത്തുമെന്നത് ഉറപ്പായിരിക്കുകയാണ്.
ടോള്‍ ബൂത്തില്‍ ഒരെണ്ണം സമാനരീതിയില്‍  ലോറി ഇടിച്ചു കയറി തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവിലാണ് മറ്റു ടോള്‍ ബൂത്തുകള്‍ അധികൃതര്‍ പൊളിച്ചു നീക്കിയത്. ഇത്തരം അശാസ്ത്രീയമായ രീതിയില്‍ നിലനില്‍ക്കുന്ന ഡിവൈഡറുകള്‍ പൊളിച്ചു നീക്കണമെന്ന നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ആവശ്യം ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it