ഡിജിപി സമഗ്ര സര്‍ക്കുലര്‍ ഇറക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ക്രിമിനല്‍ കേസുകളി ല്‍ സമന്‍സും വാറന്റും നടപ്പാക്കുന്നതില്‍ പോലിസിന്റെ ഭാഗത്തുണ്ടാവുന്ന വീഴ്ച പരിഹരിക്കാന്‍ ഡിജിപി സമഗ്ര സര്‍ക്കുലര്‍ ഇറക്കണമെന്ന് ഹൈക്കോടതി. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പോലിസ് ഉദ്യോഗസ്ഥര്‍ പാലിക്കുന്നെന്ന് നിരീക്ഷിക്കാ ന്‍ സംവിധാനം വേണമെന്നും സിംഗിള്‍ബെഞ്ച് ഉത്തരവില്‍ പറയുന്നു. സമന്‍സും വാറന്റും നടപ്പാക്കാന്‍ പോലിസ് വീഴ്ചവരുത്തുന്നതിനാല്‍ വിചാരണ വൈകുന്ന കേസുകളുടെ എണ്ണം കൂടിവരികയാണെന്നും ഹൈക്കോടതി വിലയിരുത്തി. തന്നെ മര്‍ദിച്ച കേസില്‍ സാക്ഷികളെ ഹാജരാക്കാത്തതിനാല്‍ വിചാരണ അനന്തമായി നീളുന്നെന്ന് ആരോപിച്ച് ആലുവ സ്വദേശി ഹംസ നല്‍കിയ ഹരജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.
ഹരജിയിലെ ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് സാക്ഷികളെ പോലിസ് ഹാജരാക്കി വിചാരണ നടത്തി. എന്നാല്‍ സമന്‍സും വാറന്റും നടപ്പാക്കാന്‍ വീഴ്ച വരുത്തുന്നതില്‍ പരിശോധന വേണമെന്ന് വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് ഡിജിപിയെ കക്ഷി ചേര്‍ത്തു. പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികളോ സാക്ഷികളോ ആവുന്ന കേസുകളിലാണ് പ്രധാനമായും സാക്ഷികള്‍ ഹാജരാവാന്‍ മടിക്കുന്നതെന്നും ഇതിനു പരിഹാരം കണ്ടില്ലെങ്കില്‍ നീതിനിര്‍വഹണത്തെ ബാധിക്കുമെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഡിജിപി കരട് സര്‍ക്കുലര്‍ തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. സമന്‍സും വാറന്റും നടപ്പാക്കുമ്പോള്‍ ക്രിമിനല്‍ ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കണം, സമന്‍സ് വാറന്റ് വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ സ്റ്റേഷനില്‍ സൂക്ഷിക്കണം, പ്രതികളുടെയും സാക്ഷികളുടെയും മൊബൈല്‍ നമ്പര്‍, പാന്‍, ആധാര്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ കേസ് ഡയറിയില്‍ ഉറപ്പാക്കണം, കോടതിയില്‍ സമര്‍പ്പിക്കും മുമ്പ് കുറ്റപത്രത്തിലെ പ്രതികളുടെയും സാക്ഷികളുടെയും വിലാസം ശരിയാണെന്ന് ഉറപ്പുവരുത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കരട് സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിരുന്നു.
2012 മേയ് 15ലെ  ആഭ്യന്തരവകുപ്പിന്റെ സര്‍ക്കുലറില്‍ സമന്‍സ് നല്‍കാന്‍ ഓരോ സ്റ്റേഷനിലും രണ്ട് പോലിസുകാര്‍ക്ക് ചുമതല നല്‍കണമെന്നും ഇവര്‍ക്ക് മറ്റ് ഡ്യൂട്ടി നല്‍കരുതെന്നുമുള്ള നിര്‍ദേശങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരള പോലിസ് ആക്റ്റ് പ്രകാരം സമന്‍സും വാറന്റും നല്‍കാന്‍ പോലിസ് ഉദ്യോഗസ്ഥന് ചുമതലയുണ്ട്. ഇതു പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യമടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും. ഇക്കാര്യങ്ങളടക്കമുള്ളവ പരിഗണിച്ച് സമഗ്രമായ സര്‍ക്കുലര്‍ ഇറക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സാക്ഷികളോ പ്രതികളോ ഹാജരാവാത്തതു നിമിത്തം സെഷന്‍സ് കോടതികളിലും മജിസ്‌ട്രേറ്റ് കോടതികളിലുമായി വിചാരണാ നടപടികള്‍ നീളുന്ന 1,47,266 കേസുകള്‍ കേരളത്തിലുണ്ടെന്ന് സബോര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ നല്‍കിയ കണക്കുകളില്‍ പറയുന്നു. മാര്‍ച്ച് ഒന്നുവരെയുള്ള കണക്കാണിത്.
Next Story

RELATED STORIES

Share it