palakkad local

ഡിജിപിയുടെ വിലക്കിനും വിലയില്ല; വാഹന പരിശോധന ഒളിഞ്ഞിരുന്നു തന്നെ



ആലത്തൂര്‍: ഡിജിപി വിലക്കിയിട്ടും പോലിസ് വാഹന പരിശോധന നടത്തുന്നത് ഒളിഞ്ഞിരുന്ന് തന്നെ. വളവുകളില്‍ വാഹന പരിശോധന പാടില്ല, എസ്‌ഐ റാങ്കില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ മാത്രമേ പരിശോധന നടത്താവൂ, ഒളിഞ്ഞും മഫ്ടിയിലും പരിശോധന നടത്തരുത്, പരിശോധനയ്ക്കായി വാഹനം തടഞ്ഞാല്‍ തന്നെ അവര്‍ക്കരിക്കില്‍ ചെന്നു വേണം തുടര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനെന്നും ഡിജിപിയും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പോലിസുകാര്‍ ഇതൊന്നും വകവയ്ക്കുന്നില്ല. ഇന്നലെ ആലത്തൂര്‍ എഎസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുമിടയിലുള്ള റോഡില്‍ പോലിസ് വാഹനം കാണാത്ത രീതിയില്‍ മാറ്റി നിര്‍ത്തിയാണ് വാഹന പരിശോധന നടത്തിയത്. ടൗണിലേക്കുള്ള മെയിന്‍ റോഡില്‍ നടത്തിയ വാഹന പരിശോധന ഗതാഗതകുരുക്കിനും  ഇടയാക്കുന്നുണ്ട്. ഇതേ കുറിച്ച് തിരക്കിയലാവട്ടെ  പഴി മുഴുവനും ജില്ലാ പോലിസ് മേധാവിയുടെ തലയില്‍ കെട്ടിവയ്ക്കുകയാണ് പതിവ് രീതി. സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണങ്ങള്‍ നടക്കുമ്പോഴും കണ്ടില്ലെന്ന് നടിക്കുന്ന പോലിസിന് പ്രിയം വാഹനപരിശോധന നടത്തി പെറ്റിയടിക്കുന്നതാണ്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെ വാഹന പരിശോധന ആരംഭിച്ചതോടെ ഇതുവഴിയുള്ള ഇരുചക്രവാഹനങ്ങളുടെ ഗതാഗതം പാതിയായി കുറഞ്ഞു. സ്ത്രികളും കുട്ടികളുമടക്കമുള്ള വാഹനയാത്രക്കാരെ  പോലിസുകാര്‍ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി രേഖകള്‍ പരിശോധിക്കുന്നതിന് എസ്‌ഐക്ക് അരികിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. പരിശോധനയ്ക്കായി തടഞ്ഞിടത്ത് വാഹനം  നിര്‍ത്തിയിലെങ്കില്‍ ജനമൈത്രി പോലിസാണെന്ന കാര്യം മറന്ന് ആക്രോശിക്കുകയും ചെയ്യും.വാഹന പരിശോധന നടത്തുമ്പോള്‍ മാന്യമായ രീതിയില്‍ പെരുമാറണമെന്ന് നിരന്തരം ഡിജിപി നിര്‍ദ്ദേശം നല്‍ക്കാറുണ്ടെങ്കിലും ആലത്തൂരിലെ ചില സിവില്‍ പോലിസുകാര്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ്. കാവശ്ശേരി പരയ്ക്കാട്ടുകാവ് ക്ഷേത്രത്തിനു സമീപത്തെ അപകട വളവ്, സ്വാതി ജങ്ഷനിലെ സിഗ്‌നലിനു സമീപത്തെ ബസ് സ്‌റ്റോപ്പ്, തൃപ്പാളൂര്‍ അങ്കമശാല വളവ് എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ പരിശോധന നടത്തുന്ന സ്ഥലങ്ങളാണ്.
Next Story

RELATED STORIES

Share it