Flash News

ഡാര്‍ജിലിങ് സംഘര്‍ഷം : ഗുരൂങിന്റെ വസതികളില്‍ പരിശോധന; ആയുധങ്ങള്‍ പിടിച്ചു



ഡാര്‍ജിലിങ്: ഡാര്‍ജിലിങ് പ്രക്ഷോഭം രൂക്ഷമായിരിക്കെ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജിജെഎം) നേതാവ് ബിമല്‍ ഗുരൂങിന്റെ വസതികളില്‍ പോലിസ് റെയ്ഡ് നടത്തി. അമ്പുകളും സ്‌ഫോടകവസ്തുക്കളുമടക്കം 300ലേറെ ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഡാര്‍ജിലിങിലെ സിംഗ്മാരി, പട്‌ലേബസ് മേഖലകളിലാണ് റെയ്ഡ് നടന്നത്. പല പാര്‍ട്ടി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം യാഥാര്‍ഥ്യമാവുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഗുരൂങ് പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ വസതികളില്‍ റെയ്ഡ് നടന്നത്. ഡാര്‍ജിലിങ് സന്ദര്‍ശിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ഗുരൂങ് ടൂറിസ്റ്റുകളോട് ആവശ്യപ്പെട്ടിരുന്നു.കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരൂങിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നതെന്നു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ഗുരൂങിന്റെ വസതിയില്‍ റെയ്ഡ് നടത്തിയെന്ന റിപോര്‍ട്ടുകള്‍ പോലിസ് നിഷേധിച്ചു. ഡാര്‍ജിലിങ് കുന്നുകളില്‍ അനിശ്ചിതകാല ബന്ദിന് ജിജെഎം ആഹ്വാനം ചെയ്തിട്ടുണ്ട്. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം നടപ്പാക്കുകയാണെന്ന് ജിജെഎം ജനറല്‍ സെക്രട്ടറി റോഷന്‍ ഗിരി ആരോപിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ അതിക്രമങ്ങള്‍ കേന്ദ്രത്തെ അറിയിക്കും. പോലിസ് റെയ്ഡില്‍ പിടിച്ചെടുത്ത അമ്പും വില്ലും പരമ്പരാഗത ആയുധങ്ങളാണ്. കുട്ടികളുടെ അമ്പെയ്ത്ത് മല്‍സരത്തിനു സൂക്ഷിച്ചതായിരുന്നു അവയെന്നും ഗിരി പറഞ്ഞു.അതിനിടെ പ്രക്ഷോഭകര്‍ ഇന്നലെ പോലിസുമായി ഏറ്റുമുട്ടി. ഇരുപക്ഷവും കല്ലേറ് നടത്തി. ജിജെഎം പ്രവര്‍ത്തകര്‍ പോലിസ് വാഹനം കത്തിച്ചു.പ്രത്യേക ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജിജെഎം പ്രക്ഷോഭം തുടങ്ങിയത്. പ്രക്ഷോഭം മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അതിവേഗം രാഷ്ട്രീയ പ്രതിസന്ധിയായി മാറുകയാണ്. വിനോദസഞ്ചാര വ്യവസായത്തെയും പ്രക്ഷോഭം പ്രതികൂലമായി ബാധിക്കും.പ്രക്ഷോഭത്തില്‍ ആറ് പ്രാദേശിക പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായ ഗൂര്‍ഖാ ദേശീയ വിമോചന മുന്നണി (ജിഎന്‍എല്‍എഫ്) ആ കക്ഷിയുമായുള്ള ബന്ധം വേര്‍പെടുത്തി പ്രക്ഷോഭത്തില്‍ അണിനിരന്നു.ഡാര്‍ജിലിങ് കുന്നുകളില്‍ സാധാരണനില പുനസ്ഥാപിക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ 600 അര്‍ധസൈനികരെ കേന്ദ്രം അയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it