Flash News

ഡാര്‍ജിലിങ് : ജെജെഎം ബന്ദ് ആരംഭിച്ചു ; പ്രദേശത്ത് സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി



ഡാര്‍ജിലിങ്/കൊല്‍ക്കത്ത: ഡാര്‍ജിലിങ് കുന്നുകളില്‍ ഗൂര്‍ഖാ ജനമുക്തിമോര്‍ച്ച (ജിജെഎം) ആഹ്വാനം ചെയ്ത അനിശ്ചിതകാല ബന്ദ് ആരംഭിച്ചു. ഡാര്‍ജിലിങില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബന്ദില്‍നിന്ന് ഹോട്ടലുകളെയും ഗതാഗതത്തെയും ഒഴിവാക്കുമെന്ന് ജിജെഎം അറിയിച്ചിരുന്നു. എന്നാല്‍, ബന്ദിന്റെ ആദ്യ ദിവസമായ ഇന്നലെ ഭൂരിഭാഗം ഹോട്ടലുകളും അടഞ്ഞു കിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസിനെയും ബന്ദ് ബാധിച്ചു. പ്രത്യേക ഗൂര്‍ഖാലാന്‍ഡ് രൂപീകരണത്തിനായി ആവശ്യമറിയിച്ചാണ് ജിജെഎം നേതൃത്വത്തില്‍ ഡാര്‍ജിലിങില്‍ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമായി അനിശ്ചിതകാല ബന്ദ് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ജിജെഎം ആഹ്വാനം ചെയ്തത്. ബന്ദില്‍നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയിരുന്നു. പശ്ചിമബംഗാള്‍ സംസ്ഥാനസര്‍ക്കാര്‍ ഗൂര്‍ഖാലാന്‍ഡ് പ്രാദേശിക ഭരണ(ജിടിഎ)സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബന്ദ് ബാധിച്ചു. ബാങ്കുകളും അടഞ്ഞുകിടന്നു. ഡാര്‍ജിലിങ് കലിംപോങ് മേഖലകളില്‍ ബംഗാളിയിലുള്ള ബോര്‍ഡുകള്‍ മാറ്റി പകരം ഇംഗ്ലീഷ്, നേപ്പാളി ഭാഷകളിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് ജിജെഎം നേതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡാര്‍ജിലിങിലെ സ്‌കൂളുകളില്‍ ബംഗാളി ഭാഷ നിര്‍ബന്ധമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് ഗൂര്‍ഖാപ്രക്ഷോഭം വീണ്ടും ശക്തമായത്. അതേസമയം, ഡാര്‍ജിലിങിലെ ബിജ്‌നാബാരിയില്‍ സര്‍ക്കാര്‍ ഓഫിസിനു തീവയ്ക്കാന്‍ ശ്രമിച്ച എട്ട് ജിജെഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. സര്‍ക്കാര്‍ ജിടിഎ സ്ഥാപനങ്ങള്‍ക്കു മുമ്പില്‍ പോലിസ് ബാരിക്കേടുകള്‍ സ്ഥാപിച്ചിട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയതായി ഡാര്‍ജിലിങ് ജില്ലാ മജിസ്‌ട്രേട്ട് ജ്യോഷി ദാസ് ഗുപ്ത അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്രകാരം ഡാര്‍ജിലിങില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. മേഖലയില്‍ അനിഷ്ടസംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വിദേശ സഞ്ചാരികള്‍ ഡാര്‍ജിലിങ് വിട്ടുപോവാന്‍ ജിജെഎം പ്രസിഡന്റ് ബിമല്‍ ഗുരുങ് ആവശ്യപ്പെട്ടു. അതേസമയം, സര്‍ക്കാര്‍ ഓഫിസുകള്‍ ഹാജരാവാത്ത ജീവനക്കാര്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
Next Story

RELATED STORIES

Share it