Flash News

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി; ബിജെപി അനുകൂല പ്രചാരണം നടത്താം: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിക്കു പൂര്‍ണ സംസ്ഥാന പദവി നല്‍കിയാല്‍ അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി പ്രചാരണം നടത്തുമെന്നും ഇല്ലെങ്കില്‍ ബിജെപി ഡല്‍ഹി വിടുക എന്ന പ്രസ്ഥാനവുമായി മുന്നോട്ടുപോവുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കിയ സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ പ്രസ്താവന. ഡല്‍ഹി നിയമസഭാ പ്രത്യേക സമ്മേളനം അവസാനിക്കുന്ന ദിവസത്തിലാണ് പ്രമേയം പാസാക്കിയത്.
2019 തിരഞ്ഞെടുപ്പിനു മുമ്പ് ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ലഭിച്ചാല്‍ നഗരത്തിലെ എല്ലാ വോട്ടും നിങ്ങള്‍ക്ക് അനുകൂലമായി വരുമെന്ന് ഉറപ്പു നല്‍കാന്‍ സാധിക്കുമെന്നും എഎപി നേതാവ് കൂടിയായ കെജ്‌രിവാള്‍ പറഞ്ഞതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
ഡല്‍ഹിയിലെ എഎപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വിവിധ അധികാര കേന്ദ്രങ്ങളെ ഉപയോഗിക്കുകയാണെന്ന് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍, ഐഎഎസ് ഓഫിസര്‍മാര്‍, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരെയൊക്കെ ഉപയോഗിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയുടെ ഓഫിസും പരിശ്രമിക്കുകയാണെന്നാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദിച്ചുവെന്ന ആരോപണം വന്ന ശേഷം ആരംഭിച്ച സമരം തുടരാന്‍ ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ ഭിഷണിപ്പെടുത്തുകയാണ്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ആസൂത്രണത്തോടെ ലഫ്റ്റനന്റ് ഗവര്‍ണറാണ് സമരം നിയന്ത്രിക്കുന്നത്.
2015ല്‍ എഎപി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മന്ത്രിമാര്‍ക്കെതിരേയും അവരുടെ ബന്ധുക്കള്‍ക്കെതിരേയും 14 കേസുകളാണ് സിബിഐയും അഴിമതിവിരുദ്ധ വിഭാഗവും ചുമത്തിയിരിക്കുന്നത്. പക്ഷേ, ഒന്നിലും അറസ്റ്റ് നടന്നിട്ടില്ല.ഈ കേസുകള്‍ക്കെല്ലാം എന്ത് സംഭവിച്ചുവെന്ന് തനിക്കറിയണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it