malappuram local

ട്രോമാകെയര്‍ വോളന്റിയര്‍മാര്‍ പ്രചാരണം നടത്തും

മലപ്പുറം: ജില്ലയില്‍ നിപാ വൈറസ് ഭീതിയില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട് പലരിലും അജ്ഞത നിലനില്‍ക്കുന്നതിനാല്‍ ട്രോമാ കെയര്‍ വോളന്റിയര്‍മാര്‍ വീടുകളില്‍ കയറി ബോധവല്‍കരണ പരിപാടികള്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന നിപാ ടാസ്‌ക് ഫോഴ്‌സ് അവലേകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല വീടുകളിലും വൈറസ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കല്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന സഹചര്യമുണ്ട്. ഇത്തരം വീടുകള്‍ക്ക് ചുറ്റുമുള്ള വീടുകള്‍ കയറി ഭയമല്ല വേണ്ടത്, ജാഗ്രതയാണ് എന്ന സന്ദേശം പ്രചരിപ്പിക്കും. ജാഗ്രത പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് പ്രചാരണം നടത്തുക. ജില്ലയില്‍ നിലവില്‍ ട്രോമാകെയറിന് 36,000 വോളന്റിയര്‍മാരുണ്ട്.
ഇവരുടെ സേവനം സമൂഹത്തിന് മാതൃകയാവുന്ന രീതിയില്‍ ഉപയോഗിക്കുമെന്ന് സംഘടനയുടെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത മഞ്ചേരി മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ.സഹീര്‍ മുഹമ്മദ് പറഞ്ഞു. ജില്ലയില്‍ ഡെങ്കിപ്പനി ആശങ്കയുള്ള സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥര്‍ പരശോധന നടത്തി. കുറുമ്പിലങ്ങോട്, പോത്തുകല്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് സംഘം പരിശോധിച്ചത്. പ്രദേശത്തെ ഡെങ്കിപ്പനി ആശങ്ക കുറഞ്ഞതായുള്ള വിവരം ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്. എന്‍എച്ച്എം മാനേജര്‍ ഡോ.എ ഷിബുലാല്‍, സര്‍വൈലന്‍സ് ഓഫിസര്‍ ഡോ.മുഹമ്മദ് ഇസ്മയില്‍ എന്നിവരാണ് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയത്. കക്കാട് 90 സെന്റ് പ്രദേശത്തെ ജലാശയത്തില്‍ ഹോട്ടല്‍ മാലിന്യം തള്ളിയ കേസില്‍ ഉടമയ്ക്ക് 25000 രൂപ പിഴയിട്ടു. ഡപ്യുട്ടി ഡിഎംഒ ഡോ. കെ പ്രകാശ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ച് ഉടമയ്‌ക്കെതിരേ നടപടിയെടുത്തത്. ഇതിനു പുറമെ മാലിന്യം നീക്കംചെയ്ത പ്രദേശത്ത് ക്ലോറിനേഷന്‍ നടത്തുകയും ചെയ്തു. വാഴക്കാട് പഞ്ചായത്തിലെ ഒരു ക്വാട്ടേഴ്‌സ് വഴി ഉണ്ടാക്കുന്ന മലീനീകരണം സംബന്ധിച്ചുള്ള പരാതിയില്‍ ടെക്കനിക്കല്‍ അസിസ്റ്റന്റ് കെ വേലായുധന്റെ നേത്യത്വത്തില്‍ പരിശോധന നടത്തി. ഉടമയ്ക്ക് മലീനീകരണം തടയുന്നതിന് നോട്ടീസ് നല്‍കാനും പിഴയിടുന്നതിനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇളങ്കൂര്‍ ത്യക്കലങ്ങോട് പഞ്ചാത്തില്‍ 22ാം വാര്‍ഡില്‍ ആശങ്ക പരത്തുന്ന രീതിയില്‍ ഒരു കുരങ്ങ് ചത്തതായും മറ്റെന്നിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ നടപടി സ്വീകരിക്കാന്‍ ജില്ലാകലക്ടര്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദേശം നല്‍കി. കുരങ്ങ് പനി സാധ്യത പരിഗണിച്ച വനം വകുപ്പ് കുരങ്ങിന്റെ രക്ത സാംപില്‍ എടുത്തു വിദഗ്ദ പരിശോധനയ്ക്ക് അയച്ചു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സക്കിന സംസാരിച്ചു.





Next Story

RELATED STORIES

Share it