thrissur local

ട്രാന്‍സ്‌ഫോമറില്‍ പൊട്ടിത്തെറി; വൈദ്യുതി മുടങ്ങി

തൃശൂര്‍: കുന്നംകുളം കൊങ്ങണൂര്‍ 33 കെവി സബ്—സ്റ്റേഷനിലെ ട്രാന്‍സ്—ഫോമറിലെ പൊട്ടിത്തെറിയെത്തുടര്‍ന്ന് വൈദ്യുതി മുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെയാണു സംഭവം. തകരാര്‍ പരിഹരിച്ചശേഷം ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ വീണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു. ട്രാന്‍സ്—ഫോമറിലെ ഇന്‍സുലേറ്ററാണു പൊട്ടിത്തെറിച്ചത്.
കടവല്ലൂര്‍, പോര്‍ക്കുളം, കാട്ടകാമ്പാല്‍ പഞ്ചായത്തുകളിലേയും കുന്നംകുളം മുനിസിപ്പാലിറ്റിയിലെ ചില പ്രദേശങ്ങളിലേയും പതിനായിരക്കണക്കിന് ഉപഭോക്താക്കളാണ് ഇരുട്ടിലായത്. വൈദ്യുതി ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ബ്രേക്കര്‍ കട്ടാവുന്നതാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിന് കാരണമായിപ്പറയുന്നത്. ഇതിന്റെ കാരണം കണ്ടെത്താന്‍ ജിവനക്കാര്‍ക്കാവുന്നില്ല. പുന്നയൂര്‍ക്കുളം 110 കെ.വി. സെക്ഷനിലെ അസി.എന്‍ജിനീയര്‍ക്കാണ് കൊങ്ങണൂര്‍ സെക്ഷന്റെ ചുമതല.
ട്രാന്‍സ്മിഷന്‍ വിഭാഗത്തിലെ ജീവനക്കാരാണ് ബ്രേക്കര്‍ കട്ടാവുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടത്. എന്നാല്‍ അവരതിനു തയ്യാറാകുന്നില്ല. അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയറോ ട്രാന്‍സ്മിഷന്‍ വിഭാഗം എക്‌സിക്യുട്ടിവ് എന്‍ജിനീയറോ ഇതുവരെയും സ്ഥലത്തെത്തി പരിശോധന നടത്തുകയോ അടിയ്ക്കടിയുണ്ടാകുന്ന വൈദ്യതിതടസ്സത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുകയോ ഉണ്ടായിട്ടില്ല.
ഈ സബ് സ്റ്റേഷനിലെ രണ്ടു ട്രാന്‍സ്—ഫോമറുകള്‍ അടുത്ത കാലത്തു മാറ്റി സ്ഥാപിച്ചിരുന്നു. പഴയ ട്രാന്‍സ്—ഫോമറുകളുടെ കാര്യക്ഷമത കുറഞ്ഞപ്പോള്‍ 20 ലക്ഷത്തോളം വിലവരുന്ന കൂടിയ കാര്യക്ഷമതയുള്ള ട്രാന്‍സ്—ഫോമറുകള്‍ സ്ഥാപിക്കുകയായിരുന്നു. ഇത്രയും തുക മുടക്കി ട്രാന്‍സ്—ഫോമറുകള്‍ സ്ഥാപിച്ചെങ്കിലും അനുബന്ധമായി കാര്യക്ഷമത കൂടിയ ഉപകരണങ്ങള്‍ സ്ഥാപിക്കാത്തതാണ് അടിക്കടിയുണ്ടാകുന്ന തകരാറുകള്‍ക്കു കാരണമെന്നു സംശയിക്കുന്നു.
5000 രൂപ വിലവരുന്ന ബ്രേക്കര്‍ മാറ്റി സ്ഥാപിച്ചാല്‍ പരിഹാരമാകുമെന്നു കെഎസ്ഇബി വൃത്തങ്ങള്‍ പറഞ്ഞു. കനത്ത കാറ്റിലും മഴയിലും മേഖലയിലെ സബ്—സ്റ്റേഷനുകളിലെല്ലാം തകരാറുകള്‍ ഉള്ളതിനാല്‍ ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി വിതരണം നടത്താനുള്ള ശ്രമങ്ങളും ഭാഗികമായി പരാജയപ്പെട്ടു.
Next Story

RELATED STORIES

Share it