ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വായ്പ നിഷേധിച്ചെന്ന് പരാതി

കോട്ടയം: വീടും സ്ഥലവുമില്ലാത്തതിന്റെ പേരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സര്‍ക്കാരിന്റെ സ്വയംതൊഴില്‍ പദ്ധതിക്കുള്ള വായ്പ നിഷേധിച്ചെന്നു പരാതി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സി നെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് സ്വയംതൊഴില്‍ പദ്ധതി. എന്നാല്‍, കോട്ടയം ജില്ലാ സാമൂഹിക നീതിവകുപ്പ് ഉദ്യോഗസ്ഥര്‍ പദ്ധതി അട്ടിമറിക്കുകയാണെന്ന പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് രംഗത്തെത്തി. മറ്റ് ജില്ലകളില്‍ പദ്ധതിക്കായുള്ള അപേക്ഷ സ്വീകരിച്ചിട്ടും കോട്ടയത്ത് അപേക്ഷകള്‍ നിരസിക്കുകയാണ് ചെയ്തത്.
കോട്ടയത്ത് അപേക്ഷ നല്‍കിയ ആറുപേരില്‍ സ്വന്തമായി സ്ഥലവും വീടുമില്ലെന്ന പേരില്‍ നാലുപേരുടെയും അപേക്ഷ തള്ളി. തങ്ങളുടെ വ്യക്തിത്വത്തെ ചോദ്യംചെയ്യുന്ന രീതിയില്‍ പരിഹാസത്തോടെയാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും ഇവര്‍ ആരോപിക്കുന്നു. സര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആരംഭിച്ചത്. ഇതനുസരിച്ച് അപേക്ഷകര്‍ക്ക് 50,000 രൂപ പലിശരഹിതമായി ലഭിക്കും. അപേക്ഷയ്‌ക്കൊപ്പം തുടങ്ങാന്‍ പോവുന്ന പദ്ധതിയുടെ വിശദമായ രേഖയും അപേക്ഷയും ട്രാന്‍സ്‌ജെന്‍ഡറാണെന്ന് തെളിയിക്കുന്ന രേഖകളുമടക്കം ഹാജരാക്കണം. വായ്പ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ശുപാര്‍ശ ചെയ്ത അപേക്ഷകളാണ് തിരുവനന്തപുരത്തെ സാമൂഹികനീതി ഓഫിസിലെത്തിയപ്പോള്‍ നിരസിക്കപ്പെട്ടത്. വൈക്കം സ്വദേശി രഞ്ചുമോള്‍, അവന്തിക, ആദര്‍ശ് മോഹന്‍, ആന്‍മരിയ എന്നിവരുടെ അപേക്ഷകളാണ് നിരസിച്ചത്.
കലക്ടര്‍ അധ്യക്ഷനായ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗമായ തന്നോട് അപേക്ഷ സ്വീകരിക്കാന്‍ സാമൂഹികനീതിവകുപ്പിലെ ഉന്നതന്‍ പണമാവശ്യപ്പെട്ടെന്നും അവന്തിക വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു. മഹാഭൂരിപക്ഷം ട്രാന്‍സ്‌ജെന്‍ഡേഴ്‌സും സ്വന്തം വീട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവരും വീടോ സ്ഥലമോ ഇല്ലാത്തവരുമാണ്.  ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ എണ്ണം പെരുപ്പിച്ചുകാട്ടി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയാണ് എന്‍ജിഒ സംഘടനകള്‍ ചെയ്തുവരുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷനായ ധ്വനി കള്‍ച്ചറല്‍ സൊസൈറ്റി പ്രവര്‍ത്തകര്‍കൂടിയാണ് ഇവര്‍.
Next Story

RELATED STORIES

Share it