ട്രാന്‍സ്‌ജെന്‍ഡറുകള്‍ സമരമുഖത്ത്

എച്ച്  സുധീര്‍

തിരുവനന്തപുരം: ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും നിരന്തരമുള്ള അവഗണനയിലും വേട്ടയാടലുകളിലും തളരാതെ അതിജീവനം തേടി ട്രാന്‍സ്‌ജെന്‍ഡറുകള്‍ സമരമുഖത്ത്. അവകാശ സംരക്ഷണത്തിനുള്ള സൂചനാ സമരമെന്ന നിലയില്‍ വിവിധ ആവശ്യങ്ങ ള്‍ ഉന്നയിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഇന്നലെ സെക്രട്ടേറിയേറ്റ് മാര്‍ച്ചും ഏകദിന ഉപവാസവും സംഘടിപ്പിച്ചു.
ഭരണ സിരാകേന്ദ്രത്തിന് മുന്നില്‍ ഇന്നലെ നടത്തിയ ഏകദിന ഉപവാസം അധികാരികള്‍ക്കുള്ള സൂചന മാത്രമാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ഫൈസല്‍ ഫൈസു പറഞ്ഞു. അവകാശങ്ങള്‍ നല്‍കിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്നോളം സാമൂഹിക ഇടങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അംഗീകാരം ഉണ്ടായിട്ടില്ല. പോലിസുകാര്‍ മാനസിക പീഡനം നടത്തുന്നു. ആണ്‍, പെ ണ്‍ എന്നതിനപ്പുറം മറ്റൊരു ലിംഗസ്വത്വത്തെ അംഗീകരിക്കില്ലെന്ന വാശിയാണു പോലിസിന്. പോലിസിനും താഴേത്തട്ടിലുള്ള ജനങ്ങള്‍ക്കും ട്രാന്‍സ്‌ജെ ന്‍ഡറുകളെ സംബന്ധിച്ചു ബോധവല്‍ക്കരണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്താണ് അവഗണന തുടരുന്നതിനു കാരണം. സര്‍ക്കാരിന്റെ ഔദാര്യമല്ല, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണു ചോദിക്കുന്നതെന്നും ഫൈസല്‍ ഫൈസു പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എതിരേയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, അവരെ അടിച്ചമര്‍ത്തുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക, അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
ഇവരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ 2014ല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിച്ചെങ്കിലും പൂര്‍ണ തോതില്‍ ഇതുവരെയും നടപ്പാക്കിയിട്ടില്ല. ജീവിക്കാന്‍ തൊഴിലില്ലെന്നു മാത്രമല്ല, തലചായ്ക്കാനുള്ള വീടു പോലും ഇവര്‍ക്കില്ല. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും അംഗീകാരം ഇല്ലാത്തവരാണു ഭൂരിഭാഗവും. ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിന്റെ പേരില്‍ പലരും വീടുകളില്‍ നിന്നു പുറത്താക്കപ്പെട്ടു. നിര്‍ധനരായതിനാല്‍ പലരും ലൈംഗിക തൊഴില്‍ ചെയ്താണു ജീവിക്കുന്നതെന്നും സമരത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
പരിരക്ഷയല്ല, പരിഗണനയാണു വേണ്ടത്; മനുഷ്യരാണെന്ന പരിഗണന. ഞങ്ങള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്നുള്ള അംഗീകാരവും. കോടികളുടെ വാഗ്ദാനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ സ്വന്തം സ്വത്വം തെളിയിക്കാനുള്ള ഒരു ഐഡന്റിറ്റി കാര്‍ഡ് പോലും ഇന്നോളം നല്‍കിയിട്ടില്ല. തെരുവില്‍ കിടന്നു മരിക്കട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാട്. അങ്ങനെ വന്നാല്‍ സെക്രട്ടേറിയറ്റ് നടയില്‍ കിടന്നാവും ഞങ്ങളെല്ലാവരും മരിക്കുകയെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. പി എസ് മുരളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം കെ മുനീര്‍ എംഎല്‍എ, ജെ ദേവിക, തുഷാര്‍ നിര്‍മല്‍, ശ്രീക്കുട്ടി നമിത, ദിയ സന, രഞ്ജു, രഞ്ജു വൈക്കം സംസാരിച്ചു.
Next Story

RELATED STORIES

Share it