World

ട്രംപ്-കിം ഉച്ചകോടി നിരാശാജനകം: നിരീക്ഷകര്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏറെ കൊട്ടിഘോഷിക്കുകയും ലോകം ഉറ്റുനോക്കുകയും ചെയ്ത ട്രംപ്-കിം ഉച്ചകോടി നിരാശാജനകമെന്നു വിലയിരുത്തല്‍.
ചരിത്രപരമായ കൂടിക്കാഴ്ചയില്‍ യുഎസ് ദീര്‍ഘകാല ശത്രുവായി കണക്കാക്കുന്ന ഉത്തര കൊറിയയുടെ ഭരണാധികാരിയുമായി കാമറകള്‍ക്കു മുന്നില്‍ ഹസ്തദാനം ചെയ്‌തെങ്കിലും അണ്വായുധങ്ങള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ഉത്തര കൊറിയയുടെ പൂര്‍ണ സന്നദ്ധത നേടിയെടുക്കാന്‍ ട്രംപിനു കഴിഞ്ഞില്ല. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ ഉത്തര കൊറിയയുടെ ആണവ നിരായുധീകരണത്തിനുള്ള സമയക്രമം നിശ്ചയിച്ചിട്ടില്ല. അടുത്തഘട്ട ചര്‍ച്ചകള്‍ എന്ന് നടത്തും എന്നതു സംബന്ധിച്ചും കരാറില്‍ പരാമര്‍ശിച്ചിട്ടില്ല. 1972ല്‍ പ്രസിഡന്റ് നിക്‌സന്‍ ചൈനയില്‍ നടത്തിയ സന്ദര്‍ശനത്തോടായിരുന്നു സിംഗപ്പൂര്‍ യാത്രയെ ട്രംപ് ഉപമിച്ചതെങ്കിലും ഉച്ചകോടിക്ക് നയതന്ത്ര ബന്ധത്തില്‍ മാറ്റമൊന്നും വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഉത്തര കൊറിയ നേരത്തേ യുഎസ്സിനു നല്‍കിയ പാഴ്‌വാഗ്ദാനങ്ങള്‍ പുതുക്കി അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. എഴുതി തയ്യാറാക്കിയ തിരക്കഥ പോലെ നടത്തിയ ഉച്ചകോടിയില്‍ യുഎസിനോ ലോകത്തിനോ വല്ല ഗുണവും ലഭിക്കുന്നത് അടുത്ത ഘട്ടത്തില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളെ ആശ്രയിച്ചിരിക്കും. ആണവ നിരായുധീകരണത്തിന് ഉത്തര കൊറിയ ഉടന്‍ തുടക്കം കുറിക്കുമെന്നു ട്രംപ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതിന് കിം തയ്യാറാവുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ആണവ നിരായുധീകരണത്തിനു നടപടികള്‍ സ്വീകരിക്കുന്നത് വരെ ഉത്തര കൊറിയക്കു മേലുള്ള ഉപരോധം തുടരുമെന്ന ട്രംപിന്റെ പ്രസ്താവനയും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അണവ നിരായുധീകരണത്തിന് കിം തന്ത്രപരമായ തീരുമാനമെടുത്തോ എന്ന് അറിയില്ലെന്നും ഇനി നടക്കുന്ന ചര്‍ച്ചകള്‍ അതിലേക്ക് നയിക്കുമോ എന്നതു വ്യക്തമല്ലെന്നും വാഷിങ്ടണ്‍ ഫൗണ്ടേഷന്‍സ് ഫോര്‍ ഡിഫന്‍സ് സീനിയര്‍ ഫെല്ലോ ആന്റണി റുജ്ജീറോ അഭിപ്രായപ്പെട്ടു. പതിറ്റാണ്ട് മുമ്പ് യുഎസ് ഉപേക്ഷിച്ച ധാരണകള്‍ പുനരവതരിപ്പിച്ചതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധാരണയുമായി ബന്ധപ്പെട്ട പല ചോദ്യങ്ങള്‍ക്കും മറുപടി ലഭിച്ചില്ലെന്ന് ആസ്‌ത്രേലിയയിലെ ലോവി ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധന്‍ മാല്‍ക്കം കുക്കും അഭിപ്രായപ്പെട്ടു. രാഷ്ടീയ നിരീക്ഷകനായ റോബര്‍ട്ട് കെല്ലിയും ധാരണയെ നിരാശാജനകമെന്നാണ് വിശേഷിപ്പിച്ചത്.
ഉച്ചകോടി നയതന്ത്ര വിജയമാണെന്നു ട്രംപിന്റെ അനുകൂലികള്‍ പുകഴ്ത്തുമെങ്കിലും തങ്ങളുടെ സഖ്യകക്ഷികളായ ജി 7 സഖ്യത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടാണ് നില്‍ക്കുന്നതെന്നതും അദ്ദേഹത്തിന്റെ പരാജയമാണെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.  ഉത്തര കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെ മറയ്ക്കുന്നതാണ് കിം ജോങ് ഉന്നിന്റെ പുതിയ മുഖമെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it