ട്രംപിന്റെ നടപടി: ലോകം ഒന്നിക്കണം- ഫലസ്തീന്‍ അംബാസഡര്‍

സ്വന്തം ലേഖകന്‍

കരിപ്പൂര്‍: ജറുസേലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിക്കെതിരേ ലോകം ഒന്നിച്ചുനില്‍ക്കണമെന്ന് ഫലസ്തീന്‍ അംബാസഡര്‍ എച്ച് ഇ അദ്‌നാന്‍ അബൂ അല്‍ ഹൈജ ആവശ്യപ്പെട്ടു. പുളിക്കല്‍ ജാമിഅ സലഫിയയില്‍ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എംഎസ്എം സംഘടിപ്പിച്ച ദേശീയ അറബിക് വിദ്യാര്‍ഥിസമ്മളനം (നാസ്‌കോ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ അറബികളുടെ മണ്ണും ജീവനും കവര്‍ന്നെടുക്കുന്ന സയണിസ്റ്റ് ക്രൂരതക്കെതിരേ പ്രതികരിക്കുന്നത് ഭീകരതയായി മുദ്രയടിക്കാനാണ് ശ്രമംനടക്കുന്നത്. മതങ്ങളുടെ സംഗമഭൂമിയായ ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകവഴി പുതിയ സംഘര്‍ഷങ്ങളുടെ വാതിലാണ് തുറന്നിട്ടിരിക്കുന്നത്. ഭീകരപ്രസ്ഥാനങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഭീകരപ്രസ്ഥാനങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ഊര്‍ജം നല്‍കുകയാണ് അമേരിക്ക. ലോക മുസ്‌ലിംകളുടെ മൂന്നാമത്തെ ആരാധനാകേന്ദ്രമായ മസ്ജിദുല്‍ അഖ്‌സയില്‍ നടക്കുന്ന ഖനനപ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണ്. ജറുസേലമിനെ ജൂതവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ഉയര്‍ത്തിപ്പിടിച്ചിരുന്ന നയനിലപാടുകളില്‍നിന്ന് ഇന്ത്യ പുറകോട്ടുപോവരുത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഫലസ്തീനകള്‍ക്കുനേരെ നടക്കുന്നത്. ചെറുപ്പക്കാരെയും കുട്ടികളെയും ലക്ഷ്യംവയ്ക്കുന്ന ജൂതസൈന്യം മനുഷ്യത്വത്തിന് നിരക്കാത്ത കിരാത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഫലസ്തീന്‍ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലായി മാറിയതായി അദ്ദേഹം പറഞ്ഞു. കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷനായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, ഡോ. ഹുസയ്ന്‍ മടവൂര്‍, പ്രഫ. എന്‍ വി അബ്ദുര്‍റഹ്മാന്‍, സെക്രട്ടറി എം അബ്ദുര്‍റഹ്മാന്‍ സലഫി, അബ്ദുല്‍ ജലീല്‍ മാമാങ്കര, സിറാജ് ചേലേമ്പ്ര, ഡോ. എ ഐ. അബ്ദുല്‍ മജീദ്‌സ്വലാഹി, സെക്രട്ടറി ഡോ. ജാബിര്‍ അമാനി, ഡോ. സുല്‍ഫീക്കര്‍ അലി, നിസാര്‍ ഒളവണ്ണ, ടി പി അബ്ദുര്‍റസാഖ് ബാഖവി, ഹംസ സുല്ലമി കാരക്കുന്ന്, ഫാസില്‍ ആലുക്കല്‍, അമീന്‍ അസ്‌ലഹ് സംസാരിച്ചു.
Next Story

RELATED STORIES

Share it