Flash News

ടോട്ടന്‍ഹാമിന് ലിവര്‍പൂള്‍ അറ്റാക്ക്്

ടോട്ടന്‍ഹാമിന് ലിവര്‍പൂള്‍ അറ്റാക്ക്്
X

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിതക്കുതിപ്പിന് തടയിടാന്‍ ടോട്ടന്‍ഹാമിനും ആയില്ല. ആവേശകരമായി നടന്ന മല്‍സരത്തില്‍ 2-1ന്റെ ജയം ലിവര്‍പൂളിനൊപ്പം നില്‍ക്കുകയായിരുന്നു. ടോട്ടന്‍ഹാമിന്റെ സ്വന്തം തട്ടകമായ വെംബ്ലിയില്‍ ചെന്നാണ് ലിവര്‍പൂള്‍ അവരുടെ വിജയമോഹം തല്ലിക്കെടുത്തിയത്. ഇതോടെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ജയവുമായി ലിവര്‍പൂള്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. 15 പോയിന്റാണ് ടീം അക്കൗണ്ടിലാക്കിയത്. അതേസമയം, ടോട്ടന്‍ഹാം ഒമ്പത് പോയിന്റുമായി ആറാം സ്ഥാനത്തേക്കിറങ്ങി.
സലാഹ്, ഫിര്‍മിനെ, സാദിയോ മാനെ തുടങ്ങിയ വമ്പന്‍ സ്രാവുകളെ മുന്നില്‍ നിര്‍ത്തി കോച്ച് ജര്‍ഗന്‍ ക്ലോപ് ലിവര്‍പൂളിനെ 4-3-3 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ ഹാരി കെയ്‌നെയും ലൂക്കാസിനെയും ആക്രമണ കുന്തമുനയാക്കി 4-1-2-1-2 എന്ന നൂതന ശൈലിയാണ് മൗറീഷ്യസ് പൊച്ചെറ്റീനോ ടോട്ടന്‍ഹാമിനായി കരുതിവച്ചത്. കളിയില്‍ ടോട്ടന്‍ഹാമാണ് കൂടുതല്‍ സമയം പന്തടക്കി വച്ചതെങ്കിലും എതിര്‍പോസ്റ്റിലേക്ക് ഗോളുതിര്‍ക്കുന്നതില്‍ ലിവര്‍പൂളും കരുത്തുകാട്ടി. 60 ശതമാനം സമയവും പന്ത് ടോട്ടന്‍ഹാം താരങ്ങളുടെ കാല്‍ക്കലില്‍ താളം കണ്ടു.
ലിവര്‍പൂള്‍ താരങ്ങളുടെ മുന്നേറ്റത്തോടെയാണ് മല്‍സരം ആരംഭിച്ചത്.
തുടര്‍ന്ന് ആക്രമണത്തിന് ടോട്ടന്‍ ഹാമും മുതിര്‍ന്നതോടെ മല്‍സരത്തിന്റെ ആവേശം വാനോളം ഉയര്‍ന്നു. എന്നാല്‍ മല്‍സരം പുരോഗമിക്കവേ 39ാം മിനിറ്റില്‍ പ്രീമിയര്‍ ലീഗില്‍ തന്റെ ആദ്യ എവേ ഗോളോടെ ജോര്‍ജിഞ്ഞോ വിജിനാള്‍ഡും ചെമ്പടയെ മുന്നിലെത്തിച്ചു. ഹെഡ്ഡറിലൂടെയായിരുന്നു ഈ ഡച്ച് മധ്യനിര താരത്തിന്റെ ഗോള്‍നേട്ടം. മല്‍സരം ആദ്യ പകുതിക്ക് പരിയുമ്പോള്‍ ഒരു ഗോളിന്റെ പിന്‍ബലത്തില്‍ ലിവര്‍പൂള്‍ മുന്നില്‍.
രണ്ടാം പകുതി തുടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ലിവര്‍പൂള്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബ്രസീലിയന്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയാണ് ലിവര്‍പൂളിനായി ഇക്കുറി വലകുലുക്കിയത്.
മറ്റൊരു ക്ലീന്‍ ഷീറ്റ് വിജയത്തോടെ ലിവര്‍പൂള്‍ മല്‍സരം അവസാനിപ്പിക്കുമെന്ന് കരുതിയപ്പോഴാണ് ഇഞ്ചുറി ടൈമില്‍ ടോട്ടന്‍ഹാമിന്റെ ആശ്വാസ ഗോള്‍ വീണത്. ക്രിസ്റ്റ്യന്‍ എറിക്‌സന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് എറിക് ലമേലയാണ് ഗോള്‍ മടക്കിയത്. തുടര്‍ന്ന് സമനില ഗോളിനായി ടോട്ടന്‍ഹാം കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയത്തോടെ ബൂട്ടഴിക്കാനായിരുന്നു വിധി.
സിറ്റിക്കും ജയം
പ്രീമിയര്‍ ലീഗിലെ മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫുള്‍ഹാമിനെ എതിരില്ലാത്ത മൂന്ന ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ലെറോയ് സാനെ(2), സ്‌പെയിനിന്റെ ഡേവിഡ് സില്‍വ(21), ഇംഗ്ലണ്ടിന്റെ റഹീം സ്റ്റെര്‍ലിങ്(47) എന്നിവരാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്.
കാര്‍ഡിഫിനെ കുടഞ്ഞ് ചെല്‍സി
ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ ഈഡന്‍ ഹസാര്‍ഡിന്റെ ഹാട്രിക്കിന്റെ മികവില്‍ ചെല്‍സി 4-1ന് കാര്‍ഡിഫിനെ തകര്‍ത്തു. 37,44,80 മിനിറ്റുകളിലാണ് ഹസാര്‍ഡ് ഗോള്‍വല ചലിപ്പിച്ചത്. മൂന്നാമത്തെ ഗോള്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നു. 83ാം മിനുറ്റില്‍ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ വില്ല്യന്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
ന്യൂകാസിലിനെ തോല്‍പിച്ച് ആഴ്‌സനല്‍
ന്യൂകാസിലിന്റെ ഐറിഷ് ഡിഫന്‍ഡര്‍ സിയറന്‍ ക്ലര്‍ക്കിന്റെ തകര്‍പ്പന്‍ ഹെഡര്‍ കണ്ട മല്‍സരത്തില്‍ 2-1ന് ആഴ്‌സനല്‍ ന്യൂകാസിലിനെ തോല്‍പിച്ചു. ഗ്രാനിച്ച് സാക(49), ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസൂദ് ഓസില്‍(58) എന്നിവര്‍ നേടിയ ഗോളുകള്‍ക്കാണ് ആഴ്‌സനല്‍ വിജയിച്ചത്. ഇഞ്ചുറി ടൈമിലാണ് ക്ലാര്‍ക് ഗോള്‍ നേടിയത്. ക്രോസിന് തലവച്ച് ഇടതു പോസ്റ്റിന്റെ അടിഭാഗത്തേക്ക് തുളച്ചുകയറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it