Flash News

ടോം ഉഴുന്നാലില്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു



തിരുവനന്തപുരം: തന്റെ മോചനത്തിനുവേണ്ടി നടത്തിയ ഇടപെടലിന് നന്ദി അറിയിക്കാനായി ഫാ. ടോം ഉഴുന്നാലില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ രാജ്ഭവനില്‍ സന്ദര്‍ശിച്ചു. 2016 മാര്‍ച്ചില്‍ യെമനില്‍ വച്ച് ഭീകരര്‍ ബന്ദിയാക്കിയ ഫാ. ടോമിനെ മോചിപ്പിക്കാന്‍ വേണ്ടി ഇടപെടണമെന്ന അഭ്യര്‍ഥനയുമായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടൊപ്പം ഇക്കഴിഞ്ഞ മേയ് 31ന് ഗവര്‍ണറെ സമീപിച്ചിരുന്നു. ആ പരാതി അപ്പോള്‍ത്തന്നെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ഗവര്‍ണര്‍ കൈമാറി. ഇക്കാര്യത്തില്‍ വേണ്ട എല്ലാ നടപടിയും കൈക്കൊണ്ടുവരികയാണെന്ന് കേന്ദ്രമന്ത്രി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി ഫാ. ടോം സന്ദര്‍ശിച്ചു. തനിക്ക് മുന്‍മുഖ്യമന്ത്രി എന്ന നിലയിലും വ്യക്തിപരമായും ഉമ്മന്‍ചാണ്ടി നല്‍കിയ സഹായങ്ങള്‍ക്ക് നന്ദിപറയാനാണ് നേരിട്ടു വന്നതെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍, എംഎല്‍എമാരായ കെ സി ജോസഫ്, വി എസ്  ശിവകുമാര്‍, കെ എസ് ശബരീനാഥന്‍, എം വിന്‍സന്റ്, പ്രൊവിന്‍ഷ്യല്‍ ഫാ. ജോയ്‌സ് തോന്നിക്കുഴിയില്‍, വൈസ് പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് കോയിക്കല്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.തുടര്‍ന്ന്,  ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെയും സന്ദര്‍ശിച്ച ഫാദര്‍ ടോം തനിക്കുവേണ്ടി പ്രാര്‍ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്തവര്‍ക്ക് നന്ദി പറഞ്ഞു.
Next Story

RELATED STORIES

Share it