ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന ടൂറിസ്റ്റുകളുടെയും ടൂറിസം കേന്ദ്രങ്ങളുടെയും പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവായി.
ഇന്ത്യയിലാദ്യമായി വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസം സംരക്ഷണ- പോലിസ് സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാല്‍, എല്ലായിടങ്ങളിലും ഇവ പൂര്‍ണമായി പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. ഇത്തരം എല്ലാ കേന്ദ്രങ്ങളും ജൂണ്‍ 15നകം പ്രവര്‍ത്തനക്ഷമമാക്കാനാണ് നിര്‍ദേശം. ജില്ലാ പോലിസ് ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഇതിനായി പരിശീലനം നല്‍കി നിയോഗിക്കും. പാസിങ് ഔട്ട് കഴിഞ്ഞ് പുതുതായി സേനയിലെത്തിയ വനിതാ പോലിസുകാരെ ആവശ്യമായ പരിശീലനം നല്‍കി ടൂറിസം പോലിസ് വിഭാഗത്തില്‍ നിയോഗിക്കും. സുരക്ഷാ നടപടികളുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍, മറ്റു വകുപ്പുകള്‍, സ്ഥലത്തെ ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ടാക്‌സി ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങി എല്ലാവരുടെയും സഹകരണവും ഏകോപനവും ഉറപ്പുവരുത്തണമെന്ന് ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.
ഈ നടപടികള്‍ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം സഞ്ചാരികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരാത്ത തരത്തിലാവണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിനോദസഞ്ചാര വകുപ്പ് എന്നിവയുടെ സഹായത്തോടെ സ്വകാര്യതയ്ക്ക് ഭംഗം വരാത്ത വിധത്തില്‍ കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. ഇത്തരം കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ താമസത്തിനെത്തുന്ന സഞ്ചാരികളെ സംബന്ധിച്ച വിവരങ്ങള്‍ ദിവസവും ഹോട്ടലുകള്‍ പോലിസിനെ അറിയിക്കണം. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു പരിശോധനകള്‍ വേണ്ടിവരുമ്പോള്‍ അത് സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ നടത്തണം. ആയുര്‍വേദ-യോഗ കേന്ദ്രങ്ങള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്.
അനധികൃതമായ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ടൂറിസം കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് കച്ചവടം, വ്യഭിചാരം, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ ഏര്‍പ്പെടുന്ന സാമൂഹികവിരുദ്ധരെ സംബന്ധിച്ച നിരീക്ഷണം ശക്തമാക്കും. ഇവരുടെ വിവരം ശേഖരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ എസ്എച്ച്ഒമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിലെ തെരുവുകച്ചവടക്കാര്‍ക്കും മറ്റും അംഗീകൃത വ്യാപാരിയെന്ന തിരിച്ചറിയല്‍ മുദ്ര ഉള്‍പ്പെടെയുള്ള യൂനിഫോം നിര്‍ബന്ധമാക്കണമെന്നു ടൂറിസം വകുപ്പിനോട് ആവശ്യപ്പെടും. വഴിയോര കച്ചവടക്കാര്‍ പോലിസ് സ്റ്റേഷനില്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത കച്ചവടക്കാരെ പോലിസിന്റെയോ ടൂറിസം സഹായ കേന്ദ്രത്തിന്റെയോ അനുവാദമില്ലാതെ വിദേശികളുമായി ആശയവിനിമയം നടത്താനോ കച്ചവടം നടത്താനോ അനുവദിക്കില്ല.
ടാക്‌സി-ഓട്ടോ ഡ്രൈവര്‍മാര്‍, സ്ഥലത്തെ പ്രദേശവാസികള്‍ എന്നിവരെ ഏകോപിപ്പിച്ച് ആവശ്യമായ വിവരം ശേഖരിച്ച് ലഭ്യമാക്കുന്ന സംവിധാനം രൂപപ്പെടുത്തും. സുരക്ഷാപ്രവര്‍ത്തനങ്ങളില്‍ അവരുടെ സഹകരണവും ഉറപ്പാക്കുന്നതിനുള്ള ഏകോപനം ഉറപ്പുവരുത്തും. വിദേശികളും ഇതരസംസ്ഥാനങ്ങളിലുള്ളവരുമായ ടൂറിസ്റ്റുകള്‍ കൂടുതലെത്തുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പോലിസ് സ്റ്റേഷനുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകള്‍ സംസാരിക്കാനറിയുന്ന പോലിസുദ്യോഗസ്ഥര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തും. വിനോദ സഞ്ചാരികളുടെ സുരക്ഷ വിലയിരുത്തുന്നതിനും അവലോകനം ചെയ്യുന്നതിനുമായി ജില്ലാ പോലിസ് മേധാവിമാര്‍ സ്റ്റേഷന്‍ എസ്എച്ച്ഒയുമായി കൃത്യമായ ഇടവേളകളില്‍ യോഗം നടത്തണമെന്നും ഡിജിപിയുടെ നിര്‍ദേശത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it