Flash News

ടി പി സെന്‍കുമാറിന് ഡിജിപിയായി പുനര്‍നിയമനം : നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്



തിരുവനന്തപുരം: ടി പി സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വാക്കൗട്ട്. എം ഉമ്മറാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേസില്‍ ആരുടെയും ജയമോ തോല്‍വിയോ അല്ല ഉണ്ടായതെന്നും സംഭവിച്ചത് നീതിയുടെ വിജയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി പ്രതിപക്ഷത്തെ അമ്പരപ്പിച്ചു. മുഖ്യമന്ത്രിക്ക് അബദ്ധം പറ്റിയതാണോയെന്ന് ഭരണപക്ഷത്തുള്ളവര്‍ക്കും സംശയമുണ്ടായി. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ ഇക്കാര്യം ചോദിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. സംസ്ഥാനത്തെ നിലവിലുള്ള ഡിജിപി ആരാണെന്നു വ്യക്തമാക്കണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. സുപ്രിംകോടതി വിധിയുടെ പകര്‍പ്പ് ഓണ്‍ലൈനില്‍ ലഭിച്ചതു മുതല്‍ വിധി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഡിജിപിയില്ലാത്ത അവസ്ഥയുണ്ടായത് സര്‍ക്കാരിന്റെ പിടിപ്പുകേടു മൂലമാണെന്ന് ഉമ്മര്‍ പറഞ്ഞു.  മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭ വിടുകയായിരുന്നു. പ്രതിപക്ഷനേതാക്കളായ രമേശ് ചെന്നിത്തല, ഡോ. എം കെ മുനീര്‍, അനൂപ് ജേക്കബ് എന്നിവര്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചു സംസാരിച്ചു.
Next Story

RELATED STORIES

Share it