Kottayam Local

ടിക്കറ്റ് നല്‍കുന്നതിനെ ചൊല്ലി തര്‍ക്കം : കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ മര്‍ദ്ദനം



കോട്ടയം: ടിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിനിടെ കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരന്‍ മര്‍ദ്ദിച്ചു. ഈരാറ്റുപേട്ട ഡിപ്പോയിലെ കണ്ടക്ടര്‍ എം മുഹമ്മദ് ബുര്‍ഹാന് മര്‍ദ്ദനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. യാത്രക്കാരനായ പ്രദീപ് കുമാര്‍ എന്നയാളാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കാണിച്ച് ബുര്‍ഹാന്‍ കോട്ടയം വെസ്റ്റ് എസ്‌ഐയ്ക്കു പരാതിയും നല്‍കി. ഇന്നലെ രാവിലെ 7.30നായിരുന്നു സംഭവം. ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കയറിയ യാത്രക്കാരന്‍ 50 രൂപ നല്‍കി കോട്ടയം ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റ് നല്‍കിയശേഷം മറ്റു രണ്ടു ടിക്കറ്റെടുത്ത ശേഷം ബാക്കി പൈസയായ 33 രൂപ യാത്രക്കാരനു മടക്കി നല്‍കി. അപ്പോള്‍ തനിക്കു ടിക്കറ്റ് നല്‍കിയില്ലെന്ന് യാത്രക്കാരന്‍ കണ്ടക്ടറെ അറിയിച്ചു. എന്നാല്‍, താന്‍ ടിക്കറ്റ് നല്‍കിയതാണെന്നു കണ്ടക്ടര്‍ മറുപടി നല്‍കി. ടിക്കറ്റിന്റെ പേരില്‍ തര്‍ക്കം ഉടലെടുത്തതോടെ ചെക്ക് ചെയ്തശേഷം ടിക്കറ്റ് നല്‍കാമെന്ന് കണ്ടക്ടര്‍ യാത്രക്കാരനെ അറിയിച്ചു. എന്നാല്‍, ചെക്കുചെയ്യേണ്ടെന്നും ടിക്കറ്റ് താടാ എന്നും ആക്രോശിച്ച് യാത്രക്കാരന്‍ കഴുത്തിന് പിടിച്ച് തള്ളുകയും അച്ഛന് വിളിക്കുകയായിരുന്നുവെന്ന് കണ്ടക്ടര്‍ ബുര്‍ഹാന്‍ പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. സഹയാത്രക്കാര്‍ ഇടപെട്ടാണ് തന്നെ രക്ഷപ്പെടുത്തിയത്. ബസ്സിലുണ്ടായിരുന്ന 78ഓളം യാത്രക്കാരുടെ മുന്നില്‍വച്ചാണ് തന്നെ അപമാനിക്കുകയും കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുകയും ചെയ്തതെന്ന് ബുര്‍ഹാന്‍ പറയുന്നു. ബസ്സില്‍നിന്ന് ഇറങ്ങവേ നിന്നെ കാണിച്ചുതരാമെന്ന് പറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തി. നോമ്പുകാരനായ തന്നെ തീര്‍ത്തും അവഹേളിക്കുന്ന തരത്തിലുള്ള അസഭ്യവാക്കുകളാണ് യാത്രക്കാരന്റെ ഭാഗത്തുനിന്നുമുണ്ടായത്. തന്നെ മര്‍ദ്ദിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് ബുര്‍ഹാന്‍ പോലിസിനു നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it