Flash News

ജൈവ കീടനാശിനികള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കും: കൃഷിമന്ത്രി



തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലകളിലെ കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ജൈവകീടനാശിനികള്‍ ഉല്‍പാദിപ്പിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ രണ്ടു കേന്ദ്രങ്ങളിലായി വന്‍തോതില്‍ ജൈവകീടനാശിനി ഉല്‍പാദിപ്പിക്കും. കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ക്ക് ഇതിനാവശ്യമായ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കും. കീടനാശിനികളുടെ പരിശോധനയ്ക്ക് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ശ്രീകാര്യത്തെ ഐസിഎആര്‍ സിടിസിആര്‍ഐയില്‍ നടന്ന കേന്ദ്ര-സംസ്ഥാന സമ്പര്‍ക്ക യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി. കേരളത്തിലെ സുഗന്ധവിളകളില്‍ രാസവള പ്രയോഗം നടക്കുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിന് കര്‍ഷകര്‍ക്കിടയില്‍ വ്യാപകമായ പ്രചാരണം നടത്തും. കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിര്‍ദേശങ്ങള്‍ ഒരു മാസത്തിനകം ഐസിഎആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി മൊഹപാത്രയ്ക്ക് നല്‍കും. ഫയലില്‍ നിന്ന് വയലിലേക്ക് എന്ന നൂതന ആശയം കര്‍ഷകരിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ ഭാവി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കാര്‍ഷിക ഉല്‍പാദന കമ്മീഷണര്‍ അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ ധാരണയായി. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ഐസിഎആറിന്റെ വിവിധ സ്ഥാപനങ്ങളുടെ മേധാവികള്‍, കാര്‍ഷിക സര്‍വകലാശാലകളുടെ പ്രതിനിധികള്‍ എന്നിവര്‍ ഇതില്‍ അംഗങ്ങളാവും. കാര്‍ഷിക മേഖലയ്ക്കുള്ള കേന്ദ്ര സഹായങ്ങള്‍ കൃത്യസമയത്ത് ലഭിക്കാന്‍ ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. നാളികേര വര്‍ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 65 ഇന പരിപാടിയുമായി ഐസിഎആര്‍ സഹകരിക്കും. കേരളത്തിനാവശ്യമായ മികച്ച തെങ്ങിന്‍തൈകള്‍ രണ്ടു വര്‍ഷത്തിനകം പീലിക്കോടുള്ള ഐസിഎആര്‍ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിക്കും. പ്രതികൂല കാലാവസ്ഥയിലും മികച്ച വിള ലഭിക്കുന്ന നെല്ലിനങ്ങളും ഉല്‍പാദിപ്പിക്കും. കാര്‍ഷിക സര്‍വകലാശാലയും സര്‍ക്കാരും ചേര്‍ന്ന് തയ്യാറാക്കുന്ന വിത്തുബാങ്ക് പദ്ധതിയില്‍ ഐസിഎആര്‍ സഹകരിക്കാനും ധാരണയായി.
Next Story

RELATED STORIES

Share it