ജെല്ലിക്കെട്ട്: നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. സുപ്രിംകോടതി ഉത്തരവ് മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ടു പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയ സുപ്രിംകോടതി നടപടി റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാര്‍ക്കുവേണ്ടി അഭിഭാഷകനായ എന്‍ രാജരാമനാണ് ഹാജരായത്. ജസ്റ്റിസ് ദീപക് മിശ്ര, എന്‍ വി രമണ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്ന കാളകള്‍ക്കു നേരെ ക്രൂരത നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരായ ആനന്ദ് ഗ്രേവര്‍, ആര്യാമ സുന്ദരം എന്നിവരടങ്ങിയ കമ്മീഷനെ തമിഴ്‌നാട്ടിലേക്ക് അയക്കണമെന്ന് ഹരജിക്കാര്‍ക്കു—വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
നിരോധനത്തിനു പിന്നില്‍ കേരളത്തിലെ കശാപ്പുകാരാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയാല്‍ കര്‍ഷകര്‍ക്ക് അവരുടെ കാളകളെ കശാപ്പുകാ ര്‍ക്കു വില്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, പൊങ്കല്‍ ഉല്‍സവം ജെല്ലിക്കെട്ട് ഇല്ലാതെയും നടക്കുമല്ലോ എന്നും എന്തിനാണ് കേരളത്തിലെ കശാപ്പുകാര്‍ക്കു കാളകളെ വില്‍ക്കുന്നതെന്നും ജസ്റ്റിസ് മിശ്ര ചോദിച്ചു.
ഇതിനിടെ ജെല്ലിക്കെട്ട് വിഷയത്തില്‍ സുപ്രിംകോടതി സ്റ്റേ മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനാവില്ല എന്ന കേന്ദ്ര തീരുമാനത്തിനെതിരേ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി, പുതുക്കോട്ട, സേലം എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. അതേസമയം, തിരുച്ചിറപ്പള്ളിയില്‍ ഇതേ ആവശ്യമുന്നയിച്ച് ഒരാള്‍ ആത്മഹത്യ—ക്കു ശ്രമിച്ചതായും റിപോര്‍ട്ടുണ്ട്. ജെല്ലിക്കെട്ട് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഇനിയൊരു ഓര്‍ഡിനന്‍സ് ഇറക്കുക എന്നതു പ്രായോഗികമല്ലെന്നു കേന്ദ്രമന്ത്രി നി ര്‍മല സീതാരാമന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
അതേസമയം, പ്രമുഖ മൃഗസംരക്ഷണ സംഘടനയായ പിഇടിഎ സര്‍ക്കാരിന്റെ നീക്കത്തിനെതിരേ രംഗത്തുവന്നു. സുപ്രിംകോടതി സ്റ്റേക്ക് മുകളില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള ശ്രമം ഭരണഘടനാവിരുദ്ധമാണെന്നും ജെല്ലിക്കെട്ടിനുപയോഗിക്കുന്ന കാളകള്‍ സംരക്ഷണം ആവശ്യമുള്ളതാണെന്നും കാണിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു സംഘടന കത്തയച്ചു.
Next Story

RELATED STORIES

Share it