Flash News

ജെയ്റ്റ്‌ലി കുരുക്കില്‍; മല്യയുമായി കൂടിക്കാഴ്ച നടത്തിയതിന് തെളിവുണ്ട്: കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: കോടികളുടെ തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കൂടിക്കാഴ്ച നടത്തിയതിന് തെളിവുകളുണ്ടെന്ന് കോണ്‍ഗ്രസ്. 2014ന് ശേഷം മല്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി കള്ളംപറയുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പാര്‍ലമെന്റിനകത്ത് ഇരുവരും കൂടിക്കാഴ്ച നടത്തിയതിന് രാജ്യസഭാംഗം കൂടിയായ കോണ്‍ഗ്രസ് നേതാവ് പി എല്‍ പുനിയ സാക്ഷിയാണെന്നും കൂടിക്കാഴ്ച കാല്‍മണിക്കൂറോളം നീണ്ടുനിന്നതായും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. പി എല്‍ പുനിയക്കൊപ്പം എഐസിസി ആസ്ഥാനത്തു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക കുറ്റവാളിയായ ഒരാളോട് എന്തിനാണ് ബന്ധം പുലര്‍ത്തിയതെന്നും എന്താണ് ചര്‍ച്ച ചെയ്തതെന്നു ജെയ്റ്റ്‌ലി രാജ്യത്തോട് വിശദീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
2016 മാര്‍ച്ച് ഒന്നിന് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ മല്യയും ജെയ്റ്റ്‌ലിയും കൂടിക്കാഴ്ച നടത്തിയതിന് താന്‍ സാക്ഷിയാണെന്ന് പുനിയ വ്യക്തമാക്കി. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടുനിന്നിരുന്നുവെന്നും ഇരുവരും അവിടെയുള്ള ഒരു ബെഞ്ചിലിരുന്നാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മൂന്നിന് മാധ്യമങ്ങള്‍ മുഖേനയാണ് തലേദിവസം മല്യ രാജ്യംവിട്ടതായി താന്‍ അറിഞ്ഞതെന്നും പുനിയ കൂട്ടിച്ചേര്‍ത്തു.
കൂടിക്കാഴ്ച സംബന്ധിച്ച് പാര്‍ലമെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തെളിവുകള്‍ ലഭിക്കും. ഇതു തെറ്റാണെന്നു തെളിഞ്ഞാല്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്നും പുനിയ വ്യക്തമാക്കി. ജെയ്റ്റ്‌ലി രാജിവയ്ക്കണമെന്നും അദ്ദേഹത്തിനെതിരേ അന്വേഷണം വേണമെന്നും മല്യയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ രാഹുല്‍ ട്വിറ്ററിലൂടെയും ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it