ജെഎന്‍യുവും ഹൈദരാബാദ് സര്‍വകലാശാലയും മികച്ച സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു, ഹൈദരാബാദ് സര്‍വകലാശാലകള്‍ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് സര്‍ക്കാര്‍ സര്‍വേ ഫലം. സര്‍വേ ഫലം മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി തിങ്കളാഴ്ച പുറത്തുവിടും. ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയയും ഈ സര്‍വകലാശാലകള്‍ക്കു തൊട്ടുതാഴെയുണ്ട്.
രാജ്യത്തെ 3500ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് ഇരു സര്‍വകലാശാലകളും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ചത്. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ജെഎന്‍യുവിലും ദലിത് വിവേചനവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സര്‍വകലാശാലയിലും കേന്ദ്രസര്‍ക്കാരിനെതിരേ വിദ്യാര്‍ഥിപ്രക്ഷോഭം നടന്നുവരുകയാണ്. മാനേജ്‌മെന്റ്, എന്‍ജിനീയറിങ്, ഫാര്‍മസി തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സര്‍വേയില്‍ മികച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ കൂടുതലും ഇടംപിടിച്ചിരിക്കുന്നത്.
അധ്യാപനം, ഗവേഷണ പഠന സൗകര്യം, ബിരുദത്തിന്റെ തൊഴില്‍സാധ്യത, സാമൂഹികവും ലിംഗപരവുമായ സന്തുലിതത്വം എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. ഡല്‍ഹി സര്‍വകലാശാല ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. മാനവവിഭവശേഷി മന്ത്രാലയത്തിനു വേണ്ടി സ്വതന്ത്ര ഏജന്‍സിയായ നാഷനല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷനാണ് സര്‍വേ നടത്തിയത്.
സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച രേഖകള്‍ക്കു പുറമെ അധ്യാപകര്‍, മുന്‍ വിദ്യാര്‍ഥികള്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവരില്‍ നിന്ന് അഭിപ്രായങ്ങള്‍ കൂടി ശേഖരിച്ച ശേഷമാണ് ഫലം തയ്യാറാക്കിയത്.
Next Story

RELATED STORIES

Share it