kozhikode local

ജീവനക്കാരെ പങ്കുവച്ച് മെഡിക്കല്‍ കോളജും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും



ഇ രാജന്‍

കോഴിക്കോട്: അറുപത് വര്‍ഷം പിന്നിട്ടിട്ടും 1957 ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലുള്ളത്. വിവിധ തസ്തികകളിലായി അഞ്ഞൂറോളം ഒഴിവുകള്‍ നികത്താതെ കിടക്കുകയാണ്. 34 അനസ്‌തേഷ്യസ്റ്റാഫുകള്‍ വേണ്ടിടത്ത് 19 പേരെയുള്ളൂ. അതുകൊണ്ട് ശസ്ത്രക്രിയകള്‍ മാസങ്ങളോളം നീണ്ടുപോവുകയാണ്. സാധാരണക്കാരായ രോഗികള്‍ കാത്തിരുന്ന് ദുരിതമനുഭവിക്കുകയും ചെയ്യുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യ വിഭാഗത്തില്‍ 34 ല്‍ 34 പേരുമുണ്ട്. ഒരു വര്‍ഷം 26 ലക്ഷത്തിലധികം രോഗികളെത്തുന്ന കോഴിക്കോടിന് മാത്രമാണ് അവഗണന. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇതുവരെ സ്ഥിരനിയമനം നടന്നിട്ടില്ല. മെഡിക്കല്‍ കോളജിലെ ജീവനക്കാരെയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലും ഉപയോഗിക്കുന്നത്. അതുകൊണ്ട് രണ്ടിടത്തെയും പ്രവര്‍ത്തനം അവതാളത്തിലാകുന്നു. ജീവനക്കാരില്ലാത്തതിനാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലെ മിക്കവാര്‍ഡുകളും ഒഴിഞ്ഞുകിടക്കുകയാണ്. ഗ്യാസ്‌ട്രോ എന്‍ഡോളജി വിഭാഗത്തില്‍ 15 വര്‍ഷമായി പിഎസ് സി നിയമനം നടന്നിട്ട് ഈ വിഭാഗത്തില്‍ സ്ഥിരം ജീവനക്കാര്‍ കുറവാണ്. ഐസിയുവില്‍ ഒരു രോഗിക്ക് ഒരു സ്റ്റാഫ് നഴ്‌സും ജനറല്‍ വാര്‍ഡില്‍ മൂന്നു രോഗികള്‍ക്ക് ഒരു സ്റ്റാഫ് നഴ്‌സുമാണ് വേണ്ടത്. വാര്‍ഡുകളില്‍ മൂന്ന് ഷിഫ്റ്റുകളിലായി ഒരു വാര്‍ഡില്‍ 12 നഴ്‌സുമാര്‍ വേണം എന്നാല്‍ നാലോ അഞ്ചോ പേരെ ഉള്ളൂ. 28 കിടക്കകള്‍ക്കാണ് 1:3 എന്ന അനുപാതം. എന്നാല്‍ 110 പേര്‍ വരെ ഒരു വാര്‍ഡില്‍ പ്രവേശനം തേടാറുണ്ട്. ഇത്രയും രോഗികളെ പരിചരിക്കാന്‍ നാലോ അഞ്ചോ നഴ്‌സുമാര്‍ മാത്രമാവുമ്പോള്‍ രോഗികള്‍ക്ക്് ദുരിതമാവുന്നു. ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ അസി. പ്രഫസര്‍മാരുടെ ഒഴിവുകള്‍ നികത്താതെ കിടക്കുകയാണ്. ജനറല്‍ സര്‍ജറി വിഭാഗത്തിലും അസി. പ്രഫസര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നില്ല. സീനിയര്‍ റസിഡന്‍സ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താത്തതാണ് എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. മൂന്നു വര്‍ഷം കഴിഞ്ഞു പോവുന്ന പിജി ഡോക്ടര്‍മാരെ ഒരു വര്‍ഷം കൂടെ തുടരണമെന്ന വ്യവസ്ഥയുണ്ടാക്കിയാല്‍ റസിഡന്റുമാരുടെ പ്രശ്‌നം ഏറെക്കുറെ പരിഹരിക്കാന്‍ കഴിയും.
Next Story

RELATED STORIES

Share it