ജീവനക്കാരുടെ പണിമുടക്ക്  സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ഉടനെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക് സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. പല സര്‍ക്കാര്‍ ഓഫിസുകളുടെയും പ്രവര്‍ത്തനം നിശ്ചലമായി. പകുതിയോളം ജീവനക്കാര്‍ മാത്രമാണ് ഓഫിസുകളിലെത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്‌നോണ്‍ ഫലം കണ്ടില്ല.
എന്നാല്‍, 62.45 ശതമാനം ജീവനക്കാര്‍ ജോലിക്കെത്തിയതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. ചില ഓഫിസുകളില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞത് വാക്കേറ്റത്തിനു കാരണമായി. ശമ്പള പരിഷ്‌കരണം അടിയന്തരമായി നടപ്പാക്കുക, തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇടത് അനുകൂല സംഘടനകളുടെ പണിമുടക്ക്. അതേസമയം, പണിമുടക്ക് അനവസരത്തിലാണെന്ന് ആരോപിച്ച് സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ വിട്ടുനിന്നു. സെക്രട്ടേറിയറ്റില്‍ ഇന്നലെ 65.2 ശതമാനം പേര്‍ ജോലിക്ക് എത്തിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അവധി അനുവദിച്ചവരുടേത് ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ സെക്രട്ടേറിയറ്റിലെ ഹാജര്‍നില 70.1 ശതമാനമാണ്. മൊത്തം ഹാജര്‍നില 62.45 ശതമാണ്.
സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ ഓഫിസുകളിലും ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് പോലിസ് സംരക്ഷണം ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ സര്‍ക്കാര്‍ സജ്ജീകരിച്ചിരുന്നു. ഓഫിസുകളുടെ പ്രവര്‍ത്തനം താളം തെറ്റരുതെന്ന് ജില്ലാ കലക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് ജീവനക്കാര്‍ പണിമുടക്കിയത്.
തിരുവനന്തപുരത്ത് പിഎസ്‌സി ആസ്ഥാനത്തു ജോലിക്കെത്തിയവരെ ഒരു വിഭാഗം ജീവനക്കാര്‍ തടഞ്ഞത് വാക്കേറ്റത്തിനു കാരണമായി. നെടുമങ്ങാട് പൊതുമരാമത്തുവകുപ്പ് ഓഫിസില്‍ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും ചെയ്തു. കൊച്ചിയില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തിരിച്ചയച്ചു. 50 ശതമാനത്തോളമായിരുന്നു ഹാജര്‍നില. മലബാറില്‍ സമാധാനപരമായിരുന്നു.
Next Story

RELATED STORIES

Share it