ജിഷയുടെ കൊലപാതകം: മാതാവ് പലതും ഒളിക്കുന്നതായി അന്വേഷണ സംഘത്തിനു സംശയം

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി ദലിത് നിയമവിദ്യാര്‍ഥി ജിഷയെ കൊലപ്പെടുത്തിയ ഘാതകനെ കണ്ടെത്തുന്നതിന്റെ ഭാഗമായി പുതിയ അന്വേഷണസംഘം ചോദ്യംചെയ്തിട്ടും അമ്മയുടെ പഴയ നിലപാടില്‍ മാറ്റമില്ല. പ്രത്യേകം ചോദ്യങ്ങള്‍ തയ്യാറാക്കിയായിരുന്നു അന്വേഷണസംഘം ജിഷയുടെ മാതാവ് രാജേശ്വരിയെ സമീപിച്ചത്. രാജേശ്വരി അന്വേഷണ സംഘത്തെ പലതും ഒളിക്കാന്‍ ശ്രമിക്കുന്നതായി ബോധ്യം വന്നതോടെ അവരെ നുണപരിശോധനയ്ക്കു വിധേയമാക്കിയേക്കുമെന്നു സൂചന.
ജിഷ മരിച്ച രാത്രി എട്ടുമണിയോടെ പെരുമ്പാവൂരില്‍ നിന്ന് ബസ്സില്‍ മടങ്ങിയ രാജേശ്വരി കരഞ്ഞിരുന്നെന്നും മുഖത്ത് അസ്വാസ്ഥ്യം ഉണ്ടായിരുന്നതായും ബസ്സില്‍ അടുത്തിരുന്ന സ്ത്രീ മൊഴി നല്‍കിയിരുന്നു. രാജേശ്വരി ഉള്‍പ്പെടെ വട്ടോളിപടിയില്‍ മൂന്നു സ്ത്രീകള്‍ ഒരുമിച്ചാണ് ബസ്സിറങ്ങിയത്. തുടര്‍ന്ന് രാജേശ്വരി ഒറ്റയ്ക്കാണ് വീട്ടിലേക്കു നടന്നത്. വീട്ടില്‍ ചെന്നപ്പോള്‍ ലൈറ്റ് തെളിക്കാതിരുന്നതിനാലാണ് ജിഷയെ വാതിലില്‍തട്ടി വിളിച്ചതെന്നും മുന്‍വശത്തെ വാതില്‍ തുറക്കാതിരുന്നതിനാല്‍ അയല്‍വാസിയെ വിളിച്ചതെന്നുമാണ് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്. ഇതേസമയം രാജേശ്വരിയുടെ ബാഗില്‍ പെന്‍ടോര്‍ച്ച് ഉണ്ടായിരുന്നിട്ടും ജനല്‍പാളിയില്ലാത്ത വീട്ടില്‍ എന്തുകൊണ്ട് ടോര്‍ച്ച് തെളിച്ചു നോക്കിയില്ലെന്ന ചോദ്യത്തിനും രാജേശ്വരി മറുപടി പറഞ്ഞില്ല.
വീട്ടിലെത്തിയ രാജേശ്വരി നിന്നോട് ഒരാഴ്ച മുമ്പ് ഞാന്‍ പറഞ്ഞതല്ലേ, ശ്രദ്ധിക്കണമെന്ന് എന്നുപറഞ്ഞ് കരഞ്ഞെന്നും പറയുന്നു. ദരിദ്ര കുടുംബമായിട്ടും 4000 രുപ വിലയുള്ള പെന്‍കാമറ വാങ്ങി ജിഷയ്ക്കു നല്‍കിയതിലും ദുരൂഹത നീങ്ങുന്നില്ല. ഇതെല്ലാം ചേര്‍ത്ത് ചോദ്യാവലി തയ്യാറാക്കി ചോദിച്ചിട്ടും രാജേശ്വരി പഴയ രീതിയില്‍ അയല്‍വാസികളെ പ്രതിയായി ചിത്രീകരിച്ചാണു സംസാരിക്കുന്നത്.
വീടിനു സമീപത്തുനിന്ന് മുമ്പു കണ്ടെടുത്ത കൊലയാളിയുടേതെന്നു കരുതുന്ന ചെരിപ്പില്‍ നിന്നു കണ്ടെത്തിയ രക്തസാമ്പിള്‍ ജിഷയുടേതാണെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെരിപ്പിന്റെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം ഊര്‍ജിതപ്പെടുത്തി. ചെരിപ്പുകള്‍ മുമ്പ് നാട്ടുകാര്‍ക്കിടയില്‍ പോലിസ് പ്രദര്‍ശിപ്പിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
ഇത്തരം ചെരിപ്പുകള്‍ ഇതര സംസ്ഥാനക്കാരാണ് പ്രധാനമായും ഉപയോഗിക്കാറുള്ളതെന്നതിനാലും ചെരിപ്പില്‍ സിമന്റ് ഉണ്ടായിരുന്നതിനാലും ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍, അന്വേഷണത്തെ വഴിതെറ്റിക്കാനാണോ കൊലപാതകി ഇത്തരത്തില്‍ ഇതരസംസ്ഥാനക്കാരുടെ ചെരുപ്പ് ഉപയോഗിച്ചതെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it