kannur local

ജില്ല സര്‍വോന്മുഖ വികസന മുന്നേറ്റത്തിലെന്ന് മന്ത്രിമാര്‍



കണ്ണൂര്‍:  സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നിരവധി പദ്ധതികളിലൂടെ കണ്ണൂര്‍ ജില്ല കണ്ണഞ്ചിപ്പിക്കുന്ന വികസനത്തിലേക്ക് കുതിക്കുകയാണെന്ന് മന്ത്രിമാരായ കെ കെ ശൈലജയും കടന്നപ്പള്ളി രാമചന്ദ്രനും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തിന്റെ സര്‍വതോന്‍മുഖമായ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ ഇല്ലാത്ത വികസന മുന്നേറ്റത്തിനും തുടക്കമിട്ടു. ഉത്തര മലബാറിന്റെ പിന്നാക്കാവസ്ഥ മാറ്റാന്‍ മാത്രമല്ല, ഭാവിവികാസം ലക്ഷ്യമിട്ട് കൂടുതല്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യവും മറ്റു വികസനങ്ങളും ഒരുക്കാനുള്ള നടപടികളും സ്വീകരിക്കാന്‍ കഴിഞ്ഞു. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ വികസനത്തിന് വന്‍ കുതിപ്പ് കൈവരിക്കാനാവും. നവംബര്‍-ഡിസംബര്‍ മാസത്തോടെ വിമാനത്താവളം യാഥാര്‍ഥ്യമാവും. അഴീക്കല്‍ പോര്‍ട്ടിന്റെ വികസനം യാഥാര്‍ഥ്യമാവുന്നതോടെ ചരക്കുഗതാഗത മേഖലയിലും കുതിച്ചുചാട്ടമുണ്ടാവും. വിനോദസഞ്ചാരം, പൊതുജനാരോഗ്യം, പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തല്‍ എന്നിവയിലെല്ലാം ജില്ലയ്ക്ക് എടുത്തുപറയാവുന്ന നേട്ടങ്ങള്‍ കൈവരിക്കാനായി. 128 കോടിയുടെ റോഡ്-അനുബന്ധ പദ്ധതികളാണ് ഈ വര്‍ഷം മാത്രം ജില്ലയില്‍ ആരംഭിക്കുന്നത്. തെക്കീബസാര്‍ ഫ്‌ളൈ ഓവര്‍, താഴെചൊവ്വ അണ്ടര്‍പാസ് എന്നിവയുടെ പ്രവൃത്തി ഈ വര്‍ഷം തുടങ്ങും. താഴെചൊവ്വ നടാല്‍ റെയില്‍വേ മേല്‍പാലം, പുതിയതെരു മുതല്‍ മാഹി പാലം വരെ 19 കോടി വിനിയോഗിച്ച് റോഡ്‌സുരക്ഷാ പദ്ധതി തുടങ്ങിയവയും നിര്‍മാണഘട്ടത്തിലാണ്. അടിസ്ഥാനസൗകര്യ വികസനത്തിന് 3000 കോടിയുടെ പദ്ധതിയാണ് അഞ്ചുവര്‍ഷത്തിനിടെ ജില്ലയില്‍ നടപ്പാക്കുക. ഇത് കണ്ണൂര്‍ ജില്ലയുടെ ചരിത്രനേട്ടമാണ്. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കുള്ള കൈത്തറി യൂനിഫോം വിതരണ പരിപാടി വന്‍ വിജയമായിരുന്നു. ഹരിതകേരളം മിഷന്റെ ഭാഗമായുള്ള പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ ഫ്രീ കണ്ണൂര്‍ പരിപാടിയിലൂടെ കൈത്തറി തുണിസഞ്ചികള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കാനായി. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുതുതായി 11,223 കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കി. ഭിന്നശേഷി സൗഹൃദപദ്ധതികളിലൂടെ 65.15 ലക്ഷം രൂപ വിനിയോഗിച്ച്  774 പേര്‍ക്ക് സൗജന്യ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 76 കോടി രൂപ അനുവദിച്ചു. സാധാരണക്കാര്‍ക്ക് മികവുറ്റ ചികില്‍സാ സേവനങ്ങള്‍ സൗജന്യമായി ലഭിക്കുന്ന കേന്ദ്രമായി ജില്ലാ ആശുപത്രിയെ മാറ്റിയെടുക്കാനുള്ള  പദ്ധതി മൂന്നുവര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കും. ഇ-ഹെല്‍ത്ത് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന ജില്ലകളില്‍ ഒന്നായി കണ്ണൂരിനെ തിരഞ്ഞെടുത്തു. ടൂറിസം വകുപ്പ് ജില്ലയ്ക്കു മാത്രം 31.5 കോടിയുടെ വിവിധ ടൂറിസം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. 2 കോടിയുടെ പുരുളിമല ഇക്കോ ടൂറിസം പദ്ധതി, ഒരുകോടിയുടെ പയ്യാവൂര്‍ ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതി, നാലുകോടിയുടെ പയ്യാവൂര്‍ ഹെറിറ്റേജ് ടൂറിസം പദ്ധതി, ഒരുകോടിയുടെ വെള്ളിക്കീല്‍ മലബാര്‍ മാംഗ്രോവ്‌സ്  ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം, 4.88 കോടിയുടെ പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനല്‍, മൂന്നുകോടിയുടെ പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍, മൂന്നര കോടിയുടെ പയ്യാമ്പലം ബീച്ച് മോടിപിടിപ്പിക്കല്‍, 7.27 കോടിയുടെ തലശ്ശേരിയിലെ വിവിധ പൈതൃക ടൂറിസം പദ്ധതികള്‍ തുടങ്ങിയവ ഇതില്‍പ്പെടും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എഡിഎം ഇ മുഹമ്മദ് യൂസഫ് വാര്‍്ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it