Kollam Local

ജില്ലാ ലാസ്റ്റ്‌ഗ്രേഡ് അഡൈ്വസ് നടപടികള്‍ ഇഴയുന്നു കൊട്ടിയം: കാലാവധി അവസാനിക്കാന്‍ മൂന്

നരമാസം മാത്രം ശേഷിക്കുന്ന കൊല്ലം ജില്ലാ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് ലിസ്റ്റിലെ അഡൈ്വസ്‌നടപടികള്‍ ഇഴയുന്നു. ഡിഗ്രിക്കാര്‍ ഉള്‍പ്പെട്ട അവസാന എല്‍ജിഎസ് ലിസ്റ്റിനാണ് ഈ ദുര്‍ഗതി.
കഴിഞ്ഞമൂന്നാഴ്ചയായി 13 ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ജില്ലാ പിഎസ്‌സി ഓഫിസ് നിയമനനടപടികള്‍ അസാധാരണമായി വൈകിപ്പിക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടു.ലിസ്റ്റ് കാലാവധിയുടെ അവസാനമാസങ്ങളില്‍ ഒരുമാസത്തില്‍ രണ്ട് തവണവീതമെങ്കിലും സാധാരണ അഡൈ്വസ് അയയ്ക്കാറുണ്ട്. എന്നാല്‍ ഇതൊന്നും കൊല്ലം ഓഫിസ് ഇത്തവണ ശ്രദ്ധിക്കുന്നില്ല.
കഴിഞ്ഞ അഡൈ്വസ് നടന്നത് ഫെബ്രുവരി ആദ്യ ആഴ്ചയാണ്. ഇത്തവണ മാര്‍ച്ച് മാസം ഒരാഴ്ച പിന്നിടാറായിട്ടും റിപ്പോര്‍ട്ട് ചെയ്ത ഒഴിവില്‍ പോലും നിയമന അഡൈ്വസ് അയക്കുന്നില്ലെന്നാണ് ആക്ഷേപം.കൊല്ലത്ത് കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് മൂന്നുവര്‍ഷം കൊണ്ട് 1200 ലേറെ നിയമനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇത്തവണ രണ്ടേമുക്കാല്‍ വര്‍ഷം തികഞ്ഞിട്ടും നിയമനം ആകെ 600 മാത്രം നടന്നിരിക്കുന്നത്.ജില്ലാ ഓഫിസിലെ ഫോണ്‍ വഴിയുള്ള ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനത്തില്‍ അപാകതയുണ്ടെന്നും പരാതിയുണ്ട്. ഇവിടെ ഫോണെടുക്കുന്നവര്‍ ഉദ്യോഗാര്‍ത്ഥികളുടെ ചോദ്യങ്ങളോട് നല്ല രീതിയില്‍ മറുപടി നല്‍കാറില്ലത്രെ.
മാത്രമല്ല സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ ഫോണ്‍ കട്ട് ചെയ്യുന്നതായും ഓഫിസിനെപ്പറ്റി പരാതിയുണ്ട്. ജില്ലയില്‍ വിവിധ വകുപ്പുകള്‍ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ ശുഷ്‌കാന്തി കാട്ടുന്നില്ലെന്ന് ആരോപണമുണ്ട്. അതിനിടെയാണ് പിഎസ്‌സിയുടെ കൂടി മെല്ലപ്പോക്ക്. മാര്‍ച്ച് മാസത്തില്‍ ഓഫിസില്‍ ജീവനക്കാര്‍ പലരും ലീവെടുത്ത് പോകുന്നതും ജില്ലാ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. നേരിട്ട് ജില്ലാ ഓഫിസില്‍ എത്തി അന്വേഷിക്കുന്നവരോട് സെക്ഷനില്‍ ആളില്ലെന്നാണ് പലപ്പോഴും പറയുക. സ്വന്തം കുട്ടികളുടെ പരീക്ഷയടക്കം പറഞ്ഞാണ് പലരും ലീവെടുത്ത് മുങ്ങുന്നത്. എന്നാല്‍ ഇതേപ്പറ്റി അന്വേഷിച്ചാല്‍ പിഎസ്‌സി ഓഫീസായതിനാല്‍ ജില്ലാ ഓഫിസറടക്കം ആരും വ്യക്തമായ മറുപടി തരാറില്ലെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it