Kottayam Local

ജില്ലാ പഞ്ചായത്തിന് 252.19 കോടിയുടെ ബജറ്റ്

കോട്ടയം: കൃഷിക്കും സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കി 252.19 കോടി രൂപ വരവും 232.72 കോടി രൂപ ചെലവും 19.47 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2018-19 ലേക്കുള്ള ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ രാവിലെ 11ന് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യനാണ് ബജറ്റ് അവതരിപ്പിച്ചത്. ജില്ലയില്‍ ഐടി പാര്‍ക്കിനായി 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ജില്ലയില്‍ ഒരേക്കര്‍ സ്ഥലം വിട്ട് നല്‍കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലാണ് ഐടി പാര്‍ക്ക് നിര്‍മിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജെന്‍ഡര്‍ പാര്‍ക്ക് ഉള്‍പ്പെടെ നിരവധി സ്ത്രീ സൗഹൃദ പദ്ധതികള്‍ ബജറ്റിലുണ്ട്. ഖാദി മേഖലയുടെ ഉന്നമനത്തിനും തുക വകയിരുത്തിയിട്ടുണ്ട്. കുട്ടികളില്‍ ജൈവസാക്ഷരതയ്ക്ക് ഊന്നല്‍ നല്‍കി സ്‌കൂളുകളില്‍ ഹരിത കേരളാ ഓണം പദ്ധതിക്കായി 50 ലക്ഷം രൂപ വകയിരുത്തി. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ തിരുവാര്‍പ്പിലുള്ള സ്ഥലത്ത് നിര്‍മിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കിനായി ബജറ്റില്‍ ഒരു കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വിവിധ ഡിവിഷനുകളിലെ പൊതുസ്ഥലങ്ങളില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റും ഫീഡിങ് റൂമോടു കൂടിയ വിശ്രമമുറിയും നിര്‍മിക്കാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്.
ഇതിനായി 15 ലക്ഷം നീക്കിവച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഗേള്‍സ് ഫ്രന്റ്‌ലി ടോയ്‌ലറ്റുകളും സ്ഥാപിക്കാനും തുക മാറ്റിവച്ചിട്ടുണ്ട്. സ്ത്രീ സൗഹൃദ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് സ്ത്രീകളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ മാറ്റിവച്ചിരിക്കുന്നത്. ജെന്‍ഡര്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്ലാന്‍ ഫണ്ട് പ്രകാരമുള്ള വാര്‍ഷിക പദ്ധതിയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. ട്രാന്‍സ് ജെന്റേഴ്‌സിന്റെ പുനരധിവാസ പദ്ധതിക്കായും ബജറ്റില്‍ തുക മാറ്റിവച്ചിട്ടുണ്ട്.
ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം പ്രോല്‍സാഹിപ്പിക്കാനായുള്ള ഇന്നവേറ്റീവ് സ്റ്റെം എജ്യുക്കേഷന്‍ കോട്ടയം എന്ന പേരില്‍ ഒരു കോടി രൂപയുടെ പുതിയ പദ്ധതി ആവിഷ്‌കരിക്കും. നിലവിലുണ്ടായിരുന്ന ഏബിള്‍ കോട്ടയം പദ്ധതിക്കും തുക നീക്കിവച്ചിട്ടുണ്ട്. സ്ത്രീ സൗഹൃദ ജില്ലയ്ക്കു പുറമേ ജില്ലബാല സൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്ഥലമുള്ള മുഴുവന്‍ അങ്കണവാടികള്‍ക്കും കെട്ടിടം നിര്‍മിക്കാനും ബാലസൗഹൃദ പ്രവര്‍ത്തനങ്ങള്‍ നടത്താനും ബജറ്റില്‍ പദ്ധതിയുണ്ട്.
എല്ലാവര്‍ക്കും പാര്‍പ്പിടം ലക്ഷ്യമിടുന്ന ലൈഫ് പദ്ധതിക്ക് എട്ടു കോടി രൂപ, ആശ്രയ പദ്ധതി, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, പാലിയേറ്റീവ് കെയര്‍, അങ്കണവാടി പോഷകാഹാര വിതരണം എന്നി പദ്ധതികള്‍ക്കായി 1.5 കോടി രൂപ, എച്ച്‌ഐവി ബാധിതര്‍ക്ക് പോഷകാഹാര വിതരണത്തിന് 20 ലക്ഷം രൂപ, കുട്ടികള്‍ക്ക് ശ്രവണസഹായി നല്‍കുന്നതിന് 10 ലക്ഷം രൂപ, മില്‍ക്ക് ഇന്‍സെന്റീവ് 50 ലക്ഷം രൂപ, കുടുംബശ്രീകള്‍ വഴി വനിതാ കിയോസ്‌ക്ക് 33 ലക്ഷം രൂപ എന്നിങ്ങനെയാണു പദ്ധതി തുക മാറ്റിവച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it