wayanad local

ജില്ലയില്‍ 15,059 കുടുംബങ്ങള്‍ക്ക് കൂടി വൈദ്യുതി



മാനന്തവാടി: എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കുകയെന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വൈദ്യുതി ലഭ്യാമാവാതിരുന്ന കണ്ടത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും കണക്ഷന്‍ നല്‍കി. ലക്ഷ്യം പൂര്‍ത്തീകരിച്ചതിന്റെ ജില്ലാതല പ്രഖ്യാപനം 27നു നടക്കും. 2016 ജൂണിലാണ് സമ്പൂര്‍ണ വൈദ്യുതീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിയത്. മൂന്നു നിയോജക മണ്ഡലങ്ങളിലായി എസ്‌സി, എസ്ടി പ്രമോട്ടര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ഉപയോഗപ്പെടുത്തി സര്‍വേ നടത്തുകയും 15,059 കുടുംബങ്ങള്‍ക്ക് വൈദ്യുതി ഇല്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.സര്‍വേയില്‍ കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കി. ഇതില്‍ 12,841 ബിപിഎല്‍ കുടുംബങ്ങളും 1,830 പട്ടികജാതി വിഭാഗത്തിലും 7,693 പട്ടികവര്‍ഗ കുടുംബങ്ങളും ഉള്‍പ്പെടും. 566 പട്ടികവര്‍ഗ കോളനികളും ഇതില്‍ ഉള്‍പ്പെടും. വൈദ്യുതി ലൈന്‍ വലിക്കാന്‍ കഴിയാത്ത പങ്കളം കോളനിയിലെ എട്ടു കുടുംബങ്ങള്‍ക്ക് അനര്‍ട്ടിന്റെ സഹകരണത്തോടെ സോളാര്‍ സംവിധാനം ഉപയോഗിച്ച് കണക്ഷന്‍ നല്‍കി. ജില്ലയിലാകെ 4.2 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളുകളും 2.1 കിലോമീറ്റര്‍ എബിസി ലൈനുകളും 5.14 കിലോമീറ്റര്‍ 11 കെവി ലൈനുകളും പുതുതായി നിര്‍മിക്കുകയും ഏഴു ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുകയും ചെയ്തു. 13.80 കോടി രൂപ ഇതിനായി ചെലവഴിച്ചു. ഇതില്‍ മൂന്നു കോടി രൂപ മൂന്ന് എംഎല്‍എമാരും പട്ടികവര്‍ഗ വികസന വകുപ്പ് 35,43,009 രൂപയും തദ്ദേശസ്ഥാപനങ്ങള്‍ 78,79,064 രൂപയും അനുവദിച്ചു. ബാക്കി തുക ഡിഡിയുജിജെവൈ യില്‍ നിന്നും കെഎസ്ഇബി തനത് ഫണ്ടില്‍ നിന്നുമാണ് ചെലവഴിച്ചത്. 7,561 വീടുകള്‍ വയറിങ് ചെയ്യാനുണ്ടായിരുന്നു. ഇതില്‍ 7,358 വീടുകള്‍ കെഎസ്ഇബി വയറിങ് നടത്തി. ഇതില്‍ കൂടുതലും ആദിവാസി വീടുകളായിരുന്നു. വന്യമൃഗകേന്ദ്രങ്ങളില്‍ ഭൂഗര്‍ഭ കേബിളുകള്‍ വഴിയാണ് വൈദ്യുതി കൊണ്ടുപോയത്. ജില്ലതല പ്രഖ്യാപനം കല്‍പ്പറ്റയില്‍ മന്ത്രി എം എം മണി നിര്‍വഹിക്കും.
Next Story

RELATED STORIES

Share it