thrissur local

ജില്ലയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്  മാഫിയ പിടിമുറുക്കുന്നു

ചാവക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് വിതരണം നടത്തുന്ന മാഫിയ സംഘം മേഖലയില്‍ സജീവമാകുന്നു.
വന്‍തുക ചെലവഴിച്ച് പഠിച്ച് മിടുക്കരായ വിദ്യാര്‍ഥികളെ വെട്ടിനിരത്തി വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സൈന്യത്തില്‍ വരെ കയറിപ്പറ്റുന്നവരും വിദേശജോലി നേടുകയും ചെയ്യുന്നവര്‍ വര്‍ധിച്ചിട്ടും അന്വേഷണം നാമമാത്രമാകുകയാണ്. പതിനായിരങ്ങള്‍ നല്‍കിയാല്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തയാറാക്കി നല്‍കുകയാണ് ചെയ്യുന്നത്.
തൃശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ആവശ്യക്കാര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതത്രേ.
ജില്ലയില്‍ മാത്രം സൈനിക, അര്‍ധ സൈനിക വിഭാഗങ്ങളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിരവധി പേര്‍ ജോലിക്ക് കയറിയതായും ആരോപണമുണ്ട്. വിദേശ കമ്പനി ജോലികള്‍ക്കും വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഏറെയാണ്. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ വ്യാജ ഒപ്പിട്ടുവരെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്.
തൊഴില്‍ പരിചയമുണ്ടെങ്കിലും പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റുകളില്ലാത്തതിനാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്തവരാണ് വ്യാജസര്‍ട്ടിഫിക്കറ്റിനായി സംഘത്തെ സമീപിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കുന്ന സംഘത്തില്‍പ്പെട്ട സ്ത്രീകളടക്കമുള്ള സംഘത്തെ മുന്‍പ് തൃശൂരില്‍ നിന്നും പിടികൂടിയിരുന്നു.
ഇവരില്‍നിന്നും നിരവധി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വ്യാജനിര്‍മിത സര്‍ട്ടിഫിക്കറ്റ്, വിദേശത്ത് പോകാനുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, എംബസി ക്ലിയറിംഗ്, ആളുകളുടെ പേരെഴുതാത്ത കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഒറിജിനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റ് നിര്‍മാണത്തിന് ഉപയോഗിച്ച ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍, സ്‌കാനര്‍, മള്‍ട്ടി പ്രിന്റര്‍, കോഡ്, പെന്‍ഡ്രൈവ്, കാര്‍ഡ് റീഡര്‍, വിവിധ ഗവണ്‍മെന്റ് ഓഫീസുകളുടെയും പബ്ലിക് നോട്ടറിയുടെയും വ്യാജസീലുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഇതേ കുറിച്ചുള്ള അന്വേഷണം ഒന്നും ഉണ്ടായില്ല. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ ജോലിക്കുവേണ്ടി അലയുമ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഉന്നതരുടെ ഒത്താശയോടെ ജോലിയില്‍ കയറിപ്പറ്റുന്നവരുടെ എണ്ണവും ഏറെയാണ്. വ്യാജസര്‍ട്ടിഫിക്കറ്റ് മാഫിയകളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി ഇത്തരം സംഘങ്ങളെ പിടികൂടണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it