palakkad local

ജില്ലയില്‍ മൊത്തം സജ്ജമായത് 2999 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍

പാലക്കാട്: നവംബര്‍ അഞ്ചിന് ജില്ലയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലേക്കായി സജ്ജമാക്കിയിരിക്കുന്നത് മൊത്തം 2999 ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളാണെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. ഇതില്‍ 13 ബ്ലോക്കുകളിലെ 2689 പോളിങ സ്‌റ്റേഷനുകളിലായി ആകെയുളളത് 2689 വോട്ടിങ് യന്ത്രങ്ങള്‍.
റിമോട്ട് പരിധിയിലുളള പോളിങ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെട്ട അട്ടപ്പാടി ബ്ലോക്കില്‍ 20തും നെന്മാറയില്‍ രണ്ടും കൊല്ലങ്കോട് നാലും യന്ത്രങ്ങള്‍ റിസര്‍വിലുണ്ട്. അതുള്‍പ്പെടെ 2715 ആണ് മൊത്തം ബ്ലോക്ക് പഞ്ചായത്തിലെ വോട്ടിങ് യന്ത്രങ്ങളുടെ എണ്ണം. ഈ യന്ത്രങ്ങളിലെ മൂന്ന് ബാലറ്റ് യൂനിറ്റുകള്‍ മൊത്തം 8145 ആണ്. ഏഴ് നഗരസഭകളിലെ 284 പോളിങ് സ്‌റ്റേഷനുകളിലായി 284 വോട്ടിങ് യന്ത്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. അത്രയും തന്നെയാണ് നഗരസഭകളിലെ ബാലറ്റ് യൂനിറ്റുകളുടെ എണ്ണം. വോട്ടിങ് യന്ത്രങ്ങള്‍ പാലക്കാട് റവന്യൂ ഡിവിഷന്‍ ഓഫിസിന് പിന്‍വശത്തുളള ഗോഡൗണുകളിലും പാലക്കാട് താലൂക്ക് ഓഫിസിന് പിന്‍വശത്തുള്ള ഡിപ്പോകളിലുമാണ് സൂക്ഷിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പിനായി ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സജ്ജമാക്കിയിരിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ ഉറപ്പും സൂക്ഷ്മതയും സുഗമമായ ഉപയോഗവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഉപയോഗത്തിന് ശേഷം വേര്‍പെടുത്തി സൂക്ഷിക്കാവുന്ന ഡിറ്റാച്ചബ്ള്‍ മെമറി മോഡ്യൂളോടു കൂടിയവയാണ് ഈ യന്ത്രങ്ങള്‍.
രേഖപ്പെടുത്തുന്ന വോട്ടുകള്‍ ഇന്‍ ബില്‍റ്റ് മെമ്മറിയിലും ഡിറ്റാച്ചബ്ള്‍ മെമ്മറി മോഡ്യൂളിലുമുണ്ടാകും. സ്ഥലലാഭം യന്ത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ അതുവരെ പോള്‍ ചെയ്ത വോട്ടുകള്‍ രേഖപ്പെടുത്തിയ മെമ്മറി കാര്‍ഡ് മറ്റൊരു യന്ത്രത്തില്‍ ഘടിപ്പിച്ചാല്‍ വോട്ടിങ് നടത്താം. സ്ഥാനാര്‍ഥികളുടെ എണ്ണം, മൊത്തം പോള്‍ ചെയ്ത വോട്ടുകള്‍, ഓരോ സ്ഥാനാര്‍ഥിക്കും പോള്‍ ചെയ്ത വോട്ടുകള്‍ എന്നിവ കണ്‍ട്രോള്‍ യൂനിറ്റില്‍ രേഖപ്പെടുത്തും.
കാഴ്ചവൈകല്യമുള്ളവര്‍ക്കും വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യം യന്ത്രത്തിലുണ്ട്. രാജ്യത്ത് ആദ്യമായി ഒരു തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക്ക് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിനാല്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലെത്തിയ വോട്ടുവണ്ടി ജില്ലയുള്‍പ്പെടെ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് യന്ത്രം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി വരികയാണ്.
Next Story

RELATED STORIES

Share it