palakkad local

ജില്ലയില്‍ മന്തുരോഗവ്യാപന സാധ്യത ആറു പ്രദേശങ്ങളില്‍

പാലക്കാട്: ജില്ലയില്‍ മന്തു രോഗവ്യാപന സാധ്യത കൂടുതല്‍ ആറ്പ്രദേശങ്ങളിലാണെന്ന് ആരോഗ്യവകുപ്പ്. കഴിഞ്ഞതവണ 19 പ്രദേശങ്ങളില്‍ രോഗവ്യാപന സാധ്യത കൂടുതലുണ്ടായിരുന്നു. എന്നാല്‍, ബോധവല്‍കരണവും ആല്‍ബന്‍ഡസോള്‍ ഗുളിക കഴിച്ചതു കാരണവും രോഗവ്യാപന സാധ്യത കുറച്ചിട്ടുണ്ട്. പാലക്കാട് നഗരസഭ, മാത്തൂര്‍, കൊടുവായൂര്‍, കുനിശ്ശേരി, അകത്തേത്തറ, കണ്ണാടി എന്നിവിടങ്ങളിലാണ് രോഗവ്യാപ—ന സാധ്യത കൂടുതലുള്ളത്. 2020ഓടെ രോഗം പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മന്ത് രോഗ നിവാരണ സമുഹ ചികില്‍സ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ ഒമ്പതിന് കൊടുവായൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കെ ബാബു എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി അധ്യക്ഷത വഹിക്കും. പാലക്കാടും മലപ്പുറം ജില്ലയിലെ അഞ്ച് തീരദേശ കേന്ദ്രങ്ങളുമാണ് ഇപ്പോഴും മന്ത് രോഗ ഭീഷണിയില്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ ആല്‍ബന്‍ഡസോള്‍ ഗുളിക നിര്‍ബന്ധമായും എല്ലാവരും കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പൂര്‍ണമായും സുരക്ഷ ഉറപ്പുവരുത്തിയ ഗുളികകളാണ് വിതരണം ചെയ്യുന്നത്. ഗര്‍ഭിണികള്‍, രണ്ടുവയസ്സിന് താഴെയുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ ഒഴിച്ച് മറ്റുള്ളവര്‍ ഗുളിക കഴിക്കണം. ജില്ലയില്‍ രണ്ട്ഘട്ടമായാണ് മന്ത് രോഗ നിവാരണ കാംപയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്. രോഗവ്യാപന സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇന്നു മുതല്‍ 23വരെ ഗുളികയുടെ വിതരണം നടക്കും. തുടര്‍ന്ന് വീട് സന്ദര്‍ശനം, മൊബൈല്‍ബൂത്ത് വഴി ഗുളിക വിതരണം എന്നിവ നടക്കും. രോഗവ്യാപ—ന സാധ്യത കുറവുള്ള പ്രദേശങ്ങളില്‍ ജനുവരി രണ്ടു മുതല്‍ 11വരെ ഗുളിക വിതരണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ഡിഎംഒ ഡോ. റീത്ത, ഡെപ്യൂട്ടി ഡിഎംഒ ഡോ. നാസര്‍, ഡോ.കെ ജെ റീന, ശോഭ ഗണേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it