palakkad local

ജില്ലയില്‍ നിപാ വൈറസ് ബാധയില്ല: ജില്ലാ മെഡിക്കല്‍ ഓഫിസര്‍

പാലക്കാട്: ജില്ലയില്‍ നിപാ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ പി റീത്ത. പാലക്കാട് നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്കുള്ള നിപ വൈറസ് ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സംശയാസ്പദമായി തോന്നിയാല്‍ പ്രത്യേകം കിടത്തുമെങ്കിലും അതു നിപയാകണമെന്നില്ല. കുട്ടികളിലും പ്രായമായവരിലും പനി കൂടിയാല്‍ അപസ്മാരം പോലെ പ്രകടമാവും.
അവരെ കൂടുതല്‍ പരിശോധനയ്ക്കാണ് പ്രവേശിപ്പിക്കുന്നത്. ഇതൊന്നും മനസിലാക്കാതെയുള്ള മെസേജുകളും ട്രോളുകളും പ്രചരിപ്പിക്കരുതെന്നും ഡോ. റീത്ത ആവശ്യപ്പെട്ടു.
നിപാ ആശങ്കയകറ്റാന്‍ പൊതുജനങ്ങള്‍ പാലിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് അവര്‍ വിശദീകരിച്ചു. വ്യക്തിശുചിത്വം പാലിക്കുകയാണു പ്രധാനം. പഴവര്‍ഗങ്ങള്‍ തിളപ്പിച്ചാറിയ ഉപ്പുവെള്ളത്തില്‍ ഇട്ടുവച്ചശേഷം കഴിക്കാം. പനി ബാധിച്ചാല്‍ സ്വയം ചികില്‍സ നടത്തരുത്. ആരോഗ്യ ശുചിത്വ സമിതികള്‍ വാര്‍ഡ് തലത്തില്‍ ചേരണം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്കു പുറമെ ആയൂര്‍വേദ, ഹോമിയോ ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തണം. വയറിളക്കവും ഡെങ്കിപ്പനി ബാധിച്ച മരണങ്ങളും ഉണ്ടാവുന്നുണ്ട്.
ഈച്ച കൂടിയതോടെ ടൈഫോയ്ഡ് കേസുകളും വര്‍ധിച്ചു. ഇതൊഴിവാക്കാന്‍ ആരോഗ്യജാഗ്രത പുലര്‍ത്തണം. ശുദ്ധജല ലഭ്യത ഉറപ്പാക്കണം. ഭക്ഷണസാധനങ്ങള്‍ ഈച്ച കടക്കാത്തവിധം മൂടിവെയ്ക്കണം. ചിക്കന്‍പോക്‌സ് ബാധിച്ച് ഡിസംബര്‍ മുതല്‍ ഇതുവരെ എട്ടുപേരാണു ജില്ലയില്‍ മരിച്ചത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഗുളിക ലഭ്യമാണെന്നും ചിക്കന്‍പോക്‌സിന് ചികിത്സ തേടണമെന്നും കെ പി റീത്ത പറഞ്ഞു.
പഴങ്ങള്‍ കഴിക്കുന്ന വൗവ്വാലുകളില്‍ നിന്നാണു നിപ വൈറസ് പരക്കുന്നതെന്ന് വെറ്ററിനറി ഡോക്ടര്‍ ജോജു ഡേവിഡ് പറഞ്ഞു. പെട്ടെന്നു നശിച്ചുപോകുന്ന വൈറസാണിത്. ഇതു മറ്റു പക്ഷികളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ കോഴിക്ക് അണുബാധ കിട്ടാനിടയില്ല. ശരിയായി പാചകം ചെയ്താല്‍ വൈറസ് നശിക്കും. കൊത്തിയ പഴങ്ങള്‍ ഒഴിവാക്കണം.
Next Story

RELATED STORIES

Share it