Idukki local

ജില്ലയില്‍ നാടോടി മോഷണസംഘം നിരവധിയെന്ന് പോലിസ്

തൊടുപുഴ: കെഎസ്ആര്‍ടിസി ബസ്സില്‍ മോഷണം നടത്തുന്നതിനിടെ പിടിയിലായ തമിഴ് സ്ത്രീയും മകളും അഞ്ച് കേസുകളിലെ പ്രതികള്‍. രണ്ടാഴ്ചയായി തൊടുപുഴയിലെത്തിയ അമ്മയും മകളും ചേര്‍ന്നാണ് അഞ്ച് മോഷണങ്ങളും നടത്തിയത്. ഇത് പോലിസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇത്തരത്തില്‍ ജില്ലയുടെ വിവിധ മേഖലകളിലായി നാടോടി സംഘങ്ങള്‍ മോഷണത്തിനായി എത്തിയിട്ടുണ്ട് എന്നാണ് പോലിസ് നല്‍കുന്ന വിവരം. മോഷണം നടത്തിയ ശേഷം ഇവര്‍ തമിഴ്‌നാട്ടിലേക്ക് പോവും.പിന്നീട് ആഴ്ചകള്‍ക്ക് ശേഷം വീണ്ടും ജില്ലയില്‍ മറ്റെതെങ്കിലും സ്ഥലത്ത് എത്തും. തമിഴ്‌നാട് സെന്താല്‍പേട്ട സ്വദേശികളായ പാണ്ടിയമ്മാള്‍(48), മകള്‍ നന്ദിനി(25) എന്നിവരാണ് പിടിയിലായത്.
തൊടുപുഴ-കൂത്താട്ടുകുളം ബസ്സില്‍ യാത്രചെയ്യവേ ചിറ്റൂര്‍ വിലങ്ങുകല്ലേല്‍ ആലീസ് ജോസഫിന്റെ 2000ത്തോളം രൂപ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ ഇരുവരും പിടിയിലായത്. ബാഗില്‍ നിന്നു പഴ്‌സ് എടുക്കാന്‍ യുവതികള്‍ ശ്രമിക്കുന്നത് ഡ്രൈവര്‍ കണ്ണാടിയിലൂടെ കാണുകയായിരുന്നു.
പണവും, ആഭരണങ്ങളും നഷ്ടപെടുന്നവര്‍ പലപ്പോഴും വീട്ടില്‍ ചെന്നതിനു ശേഷമാണ് ആ വിവരമറിയുന്നത്. ഇത്തരത്തില്‍ നിരവധിപേര്‍ക്കു പണം നഷ്ടപെട്ടതായാണ് പോലിസ് പറയുന്നത്.
സമീപ കാലത്ത് ജില്ലയുടെ പല മേഖലകളിലുമുണ്ടായ മോഷണങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ സംഘങ്ങളാണ് പോലിസ് പിടിയിലായത്.തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ നിന്നും എത്തിയ നിരവധി സ്ത്രീകള്‍ ജില്ലയുടെ പല മേഖലകളിലും മോഷണത്തിനു പിടിയിലായിട്ടുണ്ട്.
അടുത്തിടെ തൊടുപുഴയില്‍ ബസ്സില്‍ നിന്നു മോഷണശ്രമത്തിനിടെ പിടിയിലായ തമിഴ് സ്ത്രീയെ കോടതിയില്‍ ഹജരാക്കാന്‍ എത്തിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നു വന്‍ സംഘമാണ് ജാമ്യത്തിലെടുക്കാന്‍ എത്തിയത്. ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍,മോഷണത്തിനു പിടിക്കപെടുന്ന സ്ത്രീകള്‍ വെറും ഏജന്റുമാര്‍ മാത്രമാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നു പോലിസ് പറയുന്നു. മോഷ്ടിച്ചു കൊടുക്കുന്ന പണത്തിന്റെയും സ്വര്‍ണത്തിന്റെയും അഞ്ച് ശതമാനം മാത്രമാണ് മോഷ്ടാക്കള്‍ക്കു ലഭിക്കുക.
പിടിക്കപ്പെട്ടാല്‍ ജാമ്യത്തിലിറക്കാനും മറ്റും തമിഴ്‌നാട്ടില്‍ നിന്നും പ്രത്യേക സംഘം ഇവിടെ എത്തും.
ഇതെല്ലാം ഒരുക്കിയശേഷമാണ് മോഷണ സംഘങ്ങള്‍ പണിക്കിറങ്ങുന്നതെന്നും പോലിസ് വിശദീകരിക്കുന്നു.
Next Story

RELATED STORIES

Share it