Kollam Local

ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു; ജാഗ്രത പാലിക്കണം : ജില്ലാ മെഡിക്കല്‍ ഓഫിസര്‍



കൊല്ലം: കൊല്ലം കോര്‍പ്പറേഷനിലെ അയത്തില്‍, പുന്തലത്താഴം, കല്ലുംതാഴം പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി വി ഷേര്‍ളി അറിയിച്ചു.ഇടവിട്ട് പെയ്യുന്ന മഴ മൂലം ഈഡിസ് കൊതുകുകള്‍ പെരുകാനുള്ള സാധ്യതയുള്ളതിനാല്‍ ആഴ്ച്ചയിലൊരിക്കല്‍ കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം.ആക്രി കടകളിലെ സാധനങ്ങള്‍ ഷീറ്റ് ഉപയോഗിച്ച് മൂടുകയോ വെള്ളം വീഴാത്ത രീതിയില്‍ സൂക്ഷിക്കുകയോ ചെയ്യാന്‍ കടയുടമകള്‍ ശ്രദ്ധിക്കണം. ഫ്രിഡ്ജിന് അടിയിലെ ട്രേയില്‍ ശുദ്ധജലം കെട്ടിക്കിടക്കാതെ ആഴ്ച്ചയിലൊരിക്കല്‍ വൃത്തിയാക്കണം. വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ മൂടി വയ്ക്കണം. ആഴ്ച്ചയിലൊരിക്കല്‍ പാത്രങ്ങള്‍ കഴുകി ഉണക്കിയതിന് ശേഷം മാത്രമേ വെള്ളം ശേഖരിക്കാന്‍ ഉപയോഗിക്കാവൂ. വീടിന്റെ ടെറസ്, സണ്‍ഷേഡ് എന്നിവിടങ്ങളില്‍ വെള്ളം കെട്ടികിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.രോഗം സ്ഥിരീകരിച്ച വ്യക്തിയെ കൊതുകു വലയ്ക്കുള്ളിലോ കൊതുകു കടക്കാത്ത മുറിയിലോ കിടത്തണം. കടുത്തപനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ക്ഷീണം, നടുവേദന, കണ്ണിന് പുറകിലെ വേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍ കാണുക എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. രക്തത്തോടെയോ അല്ലാതെയോ ഉള്ള ഛര്‍ദ്ദി, വായ്, മൂക്ക്, മോണ എന്നിവിടങ്ങളില്‍ രക്തസ്രാവം എന്നിവ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. രക്ത പരിശോധനയിലൂടെ രോഗ നിര്‍ണയം നടത്തി ഡെങ്കിപ്പനി ആരംഭത്തിലേ ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയുമെന്ന് ഡി എം ഒ അറിയിച്ചു.
Next Story

RELATED STORIES

Share it