wayanad local

ജില്ലയില്‍ കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക 14,40,45,000 രൂപ



മാനന്തവാടി: സംസ്ഥാനത്ത് ഇടതുമുന്നണി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ സാമൂഹികക്ഷേമ പെന്‍ഷന്‍ സംബന്ധിച്ച വാഗ്ദാനങ്ങള്‍ പാലിച്ചുവെന്ന പ്രഖ്യാപനം തെറ്റ്. കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ ഇനത്തില്‍ മാത്രം കോടികളാണ് കുടിശ്ശിക. സംസ്ഥാനത്തൊട്ടാകെ 405 കോടി രൂപയാണ് കുടിശ്ശിക. കര്‍ഷകത്തൊഴിലാളികള്‍ക്ക് നല്‍കേണ്ട മറ്റ് ആനുകൂല്യങ്ങളിലും കോടിക്കണക്കിന് രൂപയാണ് കുടിശ്ശികയായുള്ളത്. ജില്ലയിലെ കര്‍ഷക പെന്‍ഷന്‍ വിതരണം നിലച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. സര്‍ക്കാരില്‍ നിന്നും ഫണ്ട്് ലഭിക്കാത്തതാണ് കൃഷിവകുപ്പ് മുഖേന നല്‍കുന്ന പെന്‍ഷന്‍ വിതരണം മുടങ്ങിയത്. നേരത്തെ 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 1,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍, പെന്‍ഷന്‍ തുകയുയര്‍ത്തി ഒരു തവണ മാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. 2016 ജൂണിന് ശേഷം പെന്‍ഷന്‍ തുക നല്‍കിയിട്ടില്ല. ജില്ലയില്‍ 13,095 പേരാണ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍. നിലവില്‍ കുടിശ്ശികയുള്‍പ്പെടെ വിതരണം ചെയ്യാന്‍ 14,40,45,000 രൂപ വേണം. മാര്‍ച്ച് വരെയുള്ള കുടിശ്ശിക വിതരണം ചെയ്യാനായി 10,83,87,000 രൂപ സര്‍ക്കാരിനോട് ജില്ലാ കൃഷി ഓഫിസ് മുഖേന ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ തുക ലഭ്യമായിട്ടില്ല. സര്‍ക്കാര്‍ നല്‍കിവരുന്ന മറ്റു ക്ഷേമ പെന്‍ഷനുള്‍പ്പെടെ വീടുകളിലെത്തിച്ചു നല്‍കുമ്പോള്‍ കര്‍ഷകര്‍ക്ക് മാത്രം അവഗണനയാണെന്നു പരാതി ഉയരുന്നുണ്ട്. കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയും പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളും നിലനില്‍ക്കുന്ന ജില്ലയില്‍ കര്‍ഷകര്‍ക്ക് തെല്ലെങ്കിലും ആശ്വാസമാവുന്ന പെന്‍ഷന്‍ വിതരണം ചെയ്യുന്നതിലും സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അപലപനീയമാണെന്നാണ് കര്‍ഷകരുടെ പക്ഷം. എല്ലാ സാമൂഹികക്ഷേമ പെന്‍ഷനുകളും ആയിരം രൂപയായി ഉയര്‍ത്തുമെന്നും എല്ലാ മാസവും വീട്ടിലെത്തിക്കുമെന്നുമായിരുന്നു ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന്. സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനവുമുണ്ടായി. എന്നാല്‍, സംസ്ഥാനത്ത് കര്‍ഷക പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 3,64,253 കര്‍ഷകരില്‍ ഭൂരിപക്ഷത്തിനും ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പെന്‍ഷന്‍ ലഭിച്ചിട്ടില്ല. ഈയിനത്തില്‍ 405.51 കോടി രൂപയാണ് വിതരണം ചെയ്യാനുള്ളത്. 2017 മാര്‍ച്ച് വരെയുള്ള കണക്കാണിത്. കര്‍ഷകത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിവാഹ ധനസഹായവും പ്രസവാനുകൂല്യവും നിലച്ചിട്ടും പത്ത് വര്‍ഷത്തോളമായി. ഈ ഇനങ്ങളില്‍ 273 കോടി രൂപയോളമാണ് കുടിശ്ശികയായുള്ളത്. മറ്റ് പെന്‍ഷന്‍ പദ്ധതികളെ അപേക്ഷിച്ച് കര്‍ഷക പെന്‍ഷന്‍ നല്‍കുന്നതില്‍ വിവേചനവും വ്യാപകമാണ്. 1,500 രൂപ മറ്റുള്ളവര്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍ ലഭിക്കുമ്പോള്‍ കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നയാളാണെങ്കില്‍ ഇത് 1200 രൂപയായി ചുരുക്കുകയാണ്. മറ്റു പെന്‍ഷനുകള്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ലഭിക്കുമ്പോള്‍ കര്‍ഷക പെന്‍ഷന്‍ ഒരാള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്.
Next Story

RELATED STORIES

Share it