Kollam Local

ജില്ലയില്‍ കനത്ത മഴ; കടല്‍ക്ഷോഭം രൂക്ഷം



കൊല്ലം: ജില്ലയില്‍ മഴ ശക്തിപ്രാപിച്ചു. നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിലായി. ഇടറോഡുകളിലും ഇത് തന്നെയായിരുന്നു സ്ഥിതി. ഞായറാഴ്ച രാത്രി ആരംഭിച്ച മഴയ്ക്ക് ഇന്നലെ വൈകുന്നേരം ആയിട്ടും കാര്യമായ ശമനം ഉണ്ടായിട്ടില്ല. കൊല്ലം നഗരത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും അരമണിക്കൂറിന് ശേഷം വീണ്ടും കനത്തു. അന്തരീക്ഷവും മൂടിക്കെട്ടി. വൈകീട്ട് നാലോടെ മഴ കൂടുതല്‍ കനത്തു.   മഴ ശക്തിപ്രാപിച്ചതോടെ കടല്‍കയറ്റവും രൂക്ഷമായി. കാറ്റും കടല്‍ ക്ഷോഭവും കാരണം മല്‍സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോയില്ല. ബോട്ടില്‍ മല്‍സ്യബന്ധനത്തിന് പോയവര്‍ക്ക് കാര്യമായി മല്‍സ്യം ലഭിച്ചതുമില്ല.    .കട്ടവള്ളത്തില്‍ മല്‍സ്യബന്ധനം നടത്തുന്ന മേഖലകളായ പരവൂര്‍ പൊഴിക്കര ചില്ലയ്ക്കലിലും മയ്യനാട് മുക്കത്തും ഭൂരിഭാഗം തൊഴിലാളികളും ഇന്നലെ കടലില്‍ ഇറങ്ങിയില്ല..കൊല്ലം-പരവൂര്‍ തീരദേശ റോഡില്‍ പലയിടത്തും കടല്‍ കയറ്റം അനുഭവപ്പെട്ടു. കൂറ്റന്‍ തിരമാലകള്‍ പലപ്പോഴും റോഡുകളിലേയ്ക്ക് വരെ ഇരച്ചുകയറി. പ്രദേശവാസികളും ഇതുവഴി പോകുന്നവരും ഭീതിയിലാണ്.കടല്‍ക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് കൊല്ലം ബീച്ചില്‍ അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബീച്ചില്‍ ഇറങ്ങി കടലില്‍ കുളിക്കുന്നതിനും തിരയില്‍ ഇറങ്ങുന്നതിനുമാണ് നിയന്ത്രണം.പ്രദേശത്ത് ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വടം കെട്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തീരത്ത് എത്തുന്നവര്‍ക്ക് ലൈഫ് ഗാര്‍ഡുകളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.  .കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ ശക്തമായ തിരമാലകളാണ് തീരത്തോട് അടിച്ചുകയറുന്നത്. മഴ കനത്തതിനാല്‍ ഇന്നലെ വൈകീട്ട് കൊല്ലം ബീച്ചില്‍ സന്ദര്‍ശകരുടെ തിരക്ക് കാര്യമായി അനുഭവപ്പെട്ടില്ല.   .കിഴക്കന്‍ മേഖലയിലും കാലവര്‍ഷത്തിന് സമാനമായ മഴയാണ് ഇന്നലെ ലഭിച്ചത്. ജില്ലയുടെ പല ഭാഗങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. മഴ ശക്തിപ്രാപിച്ചത് കാരണം നഗരത്തില്‍ പലയിടത്തും ഗതാഗത കുരുക്കും അനുഭവപ്പെട്ടു. കുണ്ടറ-കൊല്ലം റൂട്ടില്‍ വൈകുന്നേരത്തോടെ വന്‍ ഗതാഗത കുരുക്കാണ് ഉണ്ടായത്. ഗതാഗതം നിയന്ത്രിക്കാന്‍ പോലിസും നന്നേ ബുദ്ധിമുട്ടി.   .ഇന്നലെ രാത്രിയോടെ ഇത്തിക്കരയാറ്റിലും പരവൂര്‍ കായലിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. രാത്രി വൈകിയും ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്.
Next Story

RELATED STORIES

Share it