palakkad local

ജില്ലയില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കും: മന്ത്രി

പാലക്കാട്: ജില്ലയില്‍ ഉത്തരാവാദിത്ത ടൂറിസം നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മംഗലം ഡാം ഉദ്യാന നവീകരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ഏഴ് ജില്ലകളിലാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കുന്നത്. വിനോദ സഞ്ചാര മേഖലയില്‍ പാലക്കാടിന്റെ സാധ്യതകള്‍ പരിഗണിച്ചാണ് ഉത്തരാവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കുന്നത്.
ജില്ലയുടെ വിനോദ സഞ്ചാര വികസനത്തിന് 16 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, കാഞ്ഞിരപ്പുഴ -മലമ്പുഴ ഡാമുകള്‍, പാലക്കാട് വാടിക-ശിലാവാടിക ഉദ്യാനം എന്നിവയുടെ നവീകരണം ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കും.
കാഞ്ഞിരപ്പുഴ ഡാം ഉദ്യാന നവീകരണത്തിന് മൂന്ന് കോടിയും മലമ്പുഴ റോക് ഗാര്‍ഡന്‍ വികസനത്തിന് ഒരു കോടിയും വാടിക -ശിലാവാടിക ഉദ്യാന നവീകരണത്തിന് 71 ലക്ഷവും  ചെലവഴിക്കും.
നെല്ലിയാമ്പതിയില്‍ ടൂറിസം വകുപ്പിന്റെ സ്ഥലത്ത് വിപുലമായ  പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി മന്ത്രിസഭാ പരിഗണനയിലാണ്. ചെമ്പൈ പൈതൃക ഗ്രാമത്തിന്റെ  കലാപാരമ്പര്യം സംരക്ഷിക്കുന്നതിനായി  പൈതൃക സംരക്ഷണ പദ്ധതിക്ക് കോട്ടായി ഗ്രാമപ്പഞ്ചായത്തില്‍ തുടക്കമിടും.
ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി വിദേശ സഞ്ചാരികള്‍ക്ക് ഗ്രാമീണ ജീവിതത്തെ അടുത്തറിയുന്നതിനായി ‘വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജ്’ നടപ്പാക്കും.
എട്ട് നദികളെ ബന്ധിപ്പിച്ചുള്ള ക്രൂയിസര്‍ ടൂറിസം പദ്ധതിക്ക് 59 കോടി ചെലവഴിക്കും. വടക്കന്‍ കേരളത്തിലെ ടൂറിസം സാധ്യതകള്‍  ലോക ശ്രദ്ധയില്‍ എത്തിക്കാനായി വിദേശ ബ്ലോഗര്‍മാരെ ഉപയോഗപ്പെടുത്തും. ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് വകയിരുത്തണം.
ഡാം നവീകരണ പ്രവൃത്തികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കണം. എംഎല്‍എയുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ് കമ്മിറ്റി നിര്‍മാണ പുരോഗതി വിലയിരുത്തണം.
ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഡിടിപിസിയുടെ നേതൃത്വത്തില്‍ 4.76 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ്  മംഗലം ഡാമില്‍ നടക്കുക. പൊതുമേഖല സ്ഥാപനമായ ‘വാപ്—കോസിനാണ് നിര്‍മാണ ചുമതല. നടപ്പാത, കഫ്—റ്റിരിയ, ശുചിമുറി, പൂന്തോട്ടം, കൂട്ടികളുടെ പാര്‍ക്ക് എന്നിവയുടെ നിര്‍മാണം 18 മാസത്തിനകം പൂര്‍ത്തിയാക്കും.
കെ ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷനായ പരിപാടിയില്‍ പി കെ ബിജു എം പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാമകൃഷ്—ണന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it